വീരുവിന്‍റെ നിര്‍ദേശങ്ങള്‍ നിര്‍ണായകമായി
മുംബെെ: കഴിഞ്ഞ ഐപിഎല് താരലേലത്തില് ഏറ്റവും മികച്ച നീക്കങ്ങള് നടത്തിയ ടീമുകളിലൊന്ന് ബോളിവുഡ് താരം പ്രീതി സിന്റയുടെ ടീമായ കിംഗ്സ് ഇലവന് പഞ്ചാബാണ്. ടൂര്ണമെന്റിന്റെ തുടക്കത്തില് മിന്നുന്ന പ്രകടനങ്ങള് നടത്തിയെങ്കിലും പിന്നീട് ടീം പിന്നിലേക്ക് പോവുകയായിരുന്നു. പഞ്ചാബിനായി ശ്രദ്ധേയ പ്രകടനമാണ് ഇത്തവണ ഓപ്പണര് കെ.എല്. രാഹുല് നടത്തിയത്. ഉയര്ന്ന മൂന്നാമത്തെ റണ് വേട്ടക്കാരനായി ഐപിഎല് സീസണ് അവസാനിപ്പിച്ച രാഹുല് തന്റെ പ്രകടനത്തിന് പിന്നിലുള്ള കാരണങ്ങള് ഇപ്പോള് വെളിപ്പെടുത്തിയിരിക്കുകയാണ്.
ടീമിന്റെ ഉപദേശകനായിരുന്ന വീരേന്ദര് സെവാഗ് നല്കിയ പിന്തുണയാണ് തന്റെ മികച്ച പ്രകടനങ്ങള്ക്ക് സഹായകമായതെന്നാണ് രാഹുല് പറയുന്നത്. എല്ലാ താരങ്ങള്ക്കും അവരുടെ കാഴ്ചപ്പാടുകള് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യം സെവാഗ് നല്കിയിരുന്നു. കളിയെ ലളിതമായി നേരിടാനായിരുന്നു ഉപദേശം. നിങ്ങളുടെ മനക്കരുത്തില് വിശ്വസിച്ച് മുഖത്ത് ഒരു ചിരിയുമായി കളി ആസ്വദിക്കുക. കളിയുടെ ഫലത്തേപ്പറ്റി ചിന്തിക്കാതെ ഒരു സംഘമായി പോരാടണം. പേടി കൂടാതെ ആക്രമിച്ചു കളിക്കണമെന്നും സെവാഗ് നിര്ദേശിച്ചിരുന്നതായി രാഹുല് പറഞ്ഞു.

പഞ്ചാബിന്റെ നായകനായിരുന്ന ആര്. അശ്വിനെപ്പറ്റിയും രാഹുലിന് മികച്ച അഭിപ്രായമാണ്. അദ്ദേഹം ഒരുപാട് നേരം യുവതാരങ്ങള്ക്കൊപ്പം ചെലവഴിച്ചു. ഗ്രൗണ്ടില് പ്രത്യേക താത്പര്യമെടുത്ത് കാര്യങ്ങള് ചെയ്യുന്ന താരമാണ് അശ്വിനെന്നും രാഹുല് പറഞ്ഞു. ഒപ്പം ഓപ്പണിംഗ് വിക്കറ്റില് ബാറ്റ് ചെയ്ത വിന്ഡീസ് താരം ക്രിസ് ഗെയിലിനെ പുകഴ്ത്താനും രാഹുല് മറന്നില്ല. ട്വന്റി 20യില് എതിര് ടീമില് കൂടുതല് നാശം വിതയ്ക്കുന്ന ബാറ്റ്സ്മാനാണ് ഗെയിലെന്ന് രാഹുല് പറഞ്ഞു.
ഐപിഎല് സീസണില് മിന്നുന്ന പ്രകടനമാണ് കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഓപ്പണറായി രാഹുല് കാഴ്ചവെച്ചത്. 14 മത്സരങ്ങളില് 54.91 ശരാശരിയില് 659 റണ്സ് കര്ണാടക സ്വദേശിയായ രാഹുല് അടിച്ചുകൂട്ടി. ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് ഡെല്ഹി ഡെയര്ഡെവിള്സിനെതിരെ ഐപിഎല്ലിലെ വേഗമേറിയ അര്ധ സെഞ്ച്വറിയും രാഹുല് കുറിച്ചു. 16 പന്തില് 51 റണ്സ് നേടിയായിരുന്നു വെടിക്കെട്ട്. ഐപിഎല്ലിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ചരിത്രമാകാന് പോകുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് രാഹുല് ഇനി ഇന്ത്യക്കായി പാഡണിയുക. ജൂണ് 14 മുതല് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
