ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ബിയറുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ബിസിസിഐയുടെ താക്കീത്. രേഖാമുലം താക്കീത് ചെയ്തില്ലെങ്കിലും താരങ്ങളുടെ നടപടിയില്‍ ബിസിസിഐ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. യുവതാരങ്ങള്‍ക്ക് മാതൃകയാകേണ്ട താരങ്ങളില്‍ നിന്ന് ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് ബിസിസിഐ ഉന്നതര്‍ ടീം മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ടീം അംഗങ്ങളായ കെ.എല്‍ രാഹുലാണ് സഹതാരങ്ങള്‍ക്കൊപ്പം ബീച്ചിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം സ്റ്റുവര്‍ട്ട് ബിന്നി ഉമേഷ് യാദവ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം എന്നിവരെയും ചിത്രത്തില്‍ കാണാം. പലകുട്ടികളുും ക്രിക്കറ്റ് താരങ്ങളെ അന്ധമായി അനുകരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് താരങ്ങള്‍ രണ്ടുവട്ടം ആലോചിക്കണമെന്നും ബിസിസിഐ ടീം മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്.