കൊച്ചി: അണ്ടർ 17 ലോകകപ്പിനു മുന്നോടിയായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്നു ഫിഫ. ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്‍റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയവും മറ്റു പരിശീലന വേദികളും പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തി. ഇതോടെ ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഒൻപത് മത്സരങ്ങൾക്കു ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും.

അതേസമയം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സുരക്ഷ കണക്കിലെടുത്ത് കാണികളുടെ എണ്ണത്തിൽ ഫിഫ നിയന്ത്രണം ഏർപ്പെടുത്തും. 41,000 കാണികൾക്ക് മാത്രമാകും മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകൂ. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്പോൾ അരലക്ഷത്തിലേറെ പേരെ സ്റ്റേഡിയം ഉൾക്കൊള്ളുന്നതായിരുന്നു.

ഫിഫ നിർദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പുർത്തിയായതായി ടൂർണമെന്‍റിന്‍റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.