മുംബൈ: കൊഹ്‌ലി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ അശ്വിന്‍ എറിഞ്ഞു വീഴ്‌ത്തി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയത്തോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ഒരു ഇന്നിംഗ്സിനും 36 റണ്‍സിനുമായിരുന്നു മുംബൈയിലെ വാംഖഡെയില്‍ ഇന്ത്യയുടെ ആധികാരിക വിജയം. ആറിന് 182 എന്ന നിലയില്‍ അവസാന ദിവസം കളി തുടര്‍ന്ന ഇംഗ്ലണ്ടിന് ശേഷിച്ച നാലു വിക്കറ്റുകള്‍ 13 റണ്‍സ് നേടുന്നതിനിടെ നഷ്‌ടമാകുകയായിരുന്നു. ആറു വിക്കറ്റ് നേടിയ അശ്വിനും രണ്ടുവിക്കറ്റെടുത്ത ജഡേജയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്‌തത്. ആദ്യ ഇന്നിംഗ്സിലും ആറു വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍ മല്‍സരത്തില്‍ പത്തുവിക്കറ്റ് നേട്ടവും കൈപ്പിടിയിലാക്കി. വിരാട്‌ കൊഹ്‌ലിയുടെ കീഴില്‍ തുടര്‍ച്ചയായാ നാലാം പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മികച്ച സ്‌കോര്‍ നേടിയ ഇംഗ്ലണ്ടിനെ അപ്രസക്തമാക്കിയ ബാറ്റിംങ് പ്രകടനവുമായി ഇരട്ടസെഞ്ച്വറി നേടി വിജയത്തിന് അടിത്തറയേകിയ വിരാട് കൊഹ്‌ലി തന്നെയാണ് കളിയിലെ കേമനും.

സ്‌കോര്‍- ഇംഗ്ലണ്ട് 400 & 195, ഇന്ത്യ 631

ആറിന് 182 എന്ന നിലയില്‍ അഞ്ചാം ദിനം കളി തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ടു ഓവര്‍ കളിച്ചപ്പോഴേക്കും ശേഷിച്ച വിക്കറ്റുകളും നഷ്‌ടമാകുകയായിരുന്നു. ഇന്നു വീണ നാലു വിക്കറ്റുകളും സ്വന്തമാക്കിയ അശ്വിന്‍ ഇംഗ്ലീഷ് വാലറ്റത്തെ അരിഞ്ഞുവീഴ്‌ത്തുകയായിരുന്നു. 77 റണ്‍സെടുത്ത ജോ റൂട്ടും 51 റണ്‍സെടുത്ത ബെയര്‍സ്റ്റോയും മാത്രമാണ് തിളങ്ങിയത്.

പരമ്പര ജയത്തോടെ അപ്രസക്തമായ അഞ്ചാം ടെസ്റ്റ് ഡിസംബര്‍ 16 മുതല്‍ 20 വരെ ചെന്നൈയില്‍ നടക്കും.