ദുബായ്: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഐസിസി ഏകദിന റാങ്കിംഗില്‍ 909 റേറ്റിംഗ് പോയന്റ് നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കോലി കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഏകദിന റാങ്കിംഗില്‍ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി. 1991ല്‍ ഓസീസ് താരം ഡീന്‍ ജോണ്‍സാണ് ഇതിനു മുമ്പ് 909 റേറ്റിംഗ് പോയന്റ് നേടിയ ബാറ്റ്സ്മാന്‍.
1985ല്‍ 935 റേറ്റിംഗ് പോയന്റുമായി ഒന്നാമതെത്തിയ വിവിയന്‍ റിച്ചാര്‍ഡ്സാണ് റാങ്കിംഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് പോയന്റ് നേടിയ ബാറ്റ്സ്മാന്‍. ഈ ഫോം തുടര്‍ന്നാല്‍ കോലി വൈകാതെ റിച്ചാര്‍ഡ്സിനെയും പിന്നിലാക്കും. 1983ല്‍ സഹീര്‍ അബ്ബാസ്(931 റേറ്റിംഗ് പോയന്റുകള്‍), 1981ല്‍ ഗ്രെഗ് ചാപ്പല്‍(921), 198ല്‍ ഡേവിഡ് ഗവര്‍(919), 1987ല്‍ ജാവേദ് മിയാന്‍ദാദ്(910) എന്നിവരാണ് ഏകദിന റേറ്റിംഗ് പോയന്റില്‍ ഇനി കോലിക്ക് മുന്നിലുള്ളവര്‍.
ടെസ്റ്റ് റാങ്കിംഗിലും 900 റേറ്റിംഗ് പോയന്റുള്ള കോലി എ.ബി.ഡിവില്ലിയേഴ്സിനുശേഷം ടെസ്റ്റിലും ഏകദിനത്തിലും ഒരേസമയം 900 റേറ്റിംഗ് പോയന്റ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനുമായി.
ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ആദ്യ മൂന്ന് റാങ്കിനുള്ളില്‍ കോലിയുണ്ട്. ടെസ്റ്റില്‍ 912 റേറ്റിംഗ് പോയന്റുള്ള കോലി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്(947 റേറ്റിംഗ് പോയന്റ്) പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ട്വന്റി-20 റാങ്കിംഗില്‍ ബാബര്‍ അസമിനും ആരോണ്‍ ഫിഞ്ചിനും പിന്നില്‍ മൂന്നാമതാണ് കോലി.
