കേപ്‌ടൗണ്‍: തുടര്‍ച്ചയായ രണ്ട് പരമ്പര വിജയമെന്ന നേട്ടം സ്വന്തമാക്കിയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നത്. ടെസ്റ്റ് പരമ്പര 1-2ന് കൈവിട്ട ഇന്ത്യ ഏകദിനം 5-1നും ടി20 2-1നും വിജയിച്ച് ശക്തമായി തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ചരിത്രം രചിച്ചപ്പോള്‍ നിര്‍ണായകമായത് പരമ്പരയിലുടനീളം റണ്‍വേട്ട കൊണ്ട് വിസ്മയിപ്പിച്ച നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ്. 

ദക്ഷിണാഫ്രിക്കന്‍ നിന്ന് നിരവധി നേട്ടങ്ങള്‍ കൊയ്താണ് കോലി മടങ്ങുന്നത്. ഒരു വിദേശ പര്യടനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനാണ് കോലി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെയാണ് കോലി പിന്നിലാക്കിയത്. രണ്ട് മാസം നീണ്ട പ്രോട്ടീസ് പര്യടത്തില്‍ 14 ഇന്നിംഗ്സില്‍ 871 റണ്‍സാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചെടുത്തത്. വെസ്റ്റിന്‍ഡീസിനെതിരെ 2006ല്‍ ദ്രാവിഡ് കുറിച്ച 645 റണ്‍സാണ് കോലിക്ക് മുമ്പില്‍ പഴങ്കഥയായത്.

സച്ചിനുശേഷം ഒരു ഏകദിന പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം കോലി നേരത്തെ സ്വന്തമാക്കിയിരുന്നു. അതിവേഗം 100 ക്യാച്ചുകള്‍ തികച്ചതിന്‍റെ റെക്കോര്‍ഡും കോലിയെ തേടിയെത്തി. എന്നാല്‍ മൂന്നാം ടി20യില്‍ പുറത്തിരിക്കേണ്ടി വന്നതിനാല്‍ ടി20യില്‍ 2000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമാകാനുള്ള അവസരം കോലിക്ക് നഷ്ടമായി.