കൊൽക്കത്ത: പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയ്‌ക്ക് നേട്ടം. ഓസീസ് വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ മറികടന്ന് കോലി അഞ്ചാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറി നേടിയതാണ് കോലിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. അതേസമയം ഇന്ത്യൻ സ്‌പിന്ന‍ർ രവീന്ദ്ര ജഡേജയ്‌ക്ക് റാങ്കിംഗിൽ കനത്ത തിരിച്ചടി നേരിട്ടു. ബൗള‍ർമാരുടെ റാങ്കിംഗിൽ ജഡേജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും, 20 റേറ്റിങ് പോയിന്റ് ജഡേജയ്‌ക്ക് നഷ്‌ടമായി.

ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ ഓസീസ് നായകൻ സ്റ്റീവൻ സ്‌മിത്താണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് രണ്ടാമതും ന്യൂസിലാന്‍ഡിന്റെ കെയ്ൻ വില്യംസൺ മൂന്നാമതുമാണ്. ഇന്ത്യൻ താരം ചേതേശ്വർ പൂജാരയാണ് നാലാം സ്ഥാനത്ത്. ബൗളർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയാണ് രണ്ടാമത്.