ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേര് റെക്കോര്‍ഡ് പുസ്തകത്തില്‍ വീണ്ടും വീണ്ടും എഴുതപ്പെടുന്നു. ഇന്നത്തെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനം ഒരുപിടി റെക്കോര്‍ഡുകളാണ് കോലിയുടെ പേരിലാക്കിയത്. അതില്‍ ഏറ്റവും പ്രധാനം മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഹാട്രിക്ക് സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ്. ടെസ്റ്റില്‍ അയ്യായിരം റണ്‍സ് തികച്ച കോലി ഹാട്രിക്ക് സെഞ്ച്വറിയിലൂടെ പുതിയ നേട്ടം സ്വന്തമാക്കിയത്. നാലും അഞ്ചും മല്‍സരങ്ങളുള്ള പരമ്പരകളില്‍ ഇതിന് മുമ്പ് ക്യാപ്റ്റന്‍മാര്‍ ഹാട്രിക്ക് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും മൂന്നു മല്‍സര പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറി നേടുന്ന ആദ്യ നായകനായി കോലി മാറി. കൊല്‍ക്കത്തയില്‍ പുറത്താകാതെ 104 റണ്‍സും നാഗ്പുരില്‍ 213 റണ്‍സും നേടിയ കോലി ദില്ലിയില്‍ ആദ്യ ദിവസം പുറത്താകാതെ 156 റണ്‍സാണ് അടിച്ചെടുത്തത്. സ്വന്തം നാടായ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നത്തെ സെഞ്ച്വറിക്കുണ്ട്. ഇതുകൂടാതെ സീസണിലെ പതിനൊന്നാം സെഞ്ച്വറി തികച്ച കോലി, സച്ചിന്റെ റെക്കോര്‍!ഡിന് അരികിലാണ്. സച്ചിന്‍ 12 സെഞ്ച്വറി ഒരു സീസണില്‍ നേടിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടാനായാല്‍ കോലിയ്ക്ക്, സച്ചിനൊപ്പമെത്താം.