ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബാറ്റിംഗ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. കോലിക്ക് തന്‍റെ തെറ്റുകള്‍ പറഞ്ഞുകൊടുക്കാന്‍ ഉപദേശകന്‍റെ സഹായം വേണമെന്ന് വീരു പരിഹസിച്ചു. നിലവിലെ ടീമില്‍ കോലിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ തന്‍റേടമുള്ള താരങ്ങളില്ലെന്ന് സെവാഗ് വ്യക്തമാക്കി. നേരത്തെ കോലിയുടെ ടീം സെലക്ഷനെതിരെ വീരു പരസ്യമായി രംഗത്തെത്തിയിരുന്നു.
തെറ്റുകള്‍ ഒഴിവാക്കാന്‍ നായകന് നിര്‍ദേശം നല്‍കാന്‍ കഴിയുന്ന നാലോ അഞ്ചോ താരങ്ങള്‍ എല്ലാ ടീമിലുമുണ്ടാകും. എന്നാല്‍ കോലിയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരു താരത്തെയും ഡ്രസിംഗ് റൂമില്‍ ഇപ്പോള്‍ കാണാനില്ല. മറ്റ് താരങ്ങളിലുള്ള അമിത പ്രതീക്ഷ കോലിയുടെ ക്യാപ്റ്റന്‍സിനെ ബാധിച്ചുവെന്നും മുന്‍ താരം തുറന്നുപറഞ്ഞു. കോലിക്ക് കീഴില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
സമ്മര്‍ദ്ധഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് വിരാട് കോലി വളര്‍ന്നുകഴിഞ്ഞു. എന്നാല്‍ അതേ പ്രതീക്ഷ മറ്റ് താരങ്ങളില്‍ വിരാട് വെച്ചുപുലര്‍ത്തുന്നു. കോലിയുടെ അതേ നിലവാരത്തിലേക്ക് മറ്റ് താരങ്ങള്‍ എത്താത്തതിനാല്‍ അത് ക്യാപ്റ്റന്‍സിയെ ബാധിക്കുന്നുവെന്നാണ് സെവാഗിന്‍റെ നിരീക്ഷണം. കോലിക്ക് പരിശീലകനില്‍ നിന്ന് ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അത് കളിക്കളത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നില്ലെന്നും വീരു പറഞ്ഞു.
