ഓസ്ട്രേലിയന്‍ ആരാധകര്‍ക്കുനേരെ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ച സംഭവത്തില്‍ എങ്ങനെയാണ് വിലക്ക് കിട്ടാതെ രക്ഷപ്പെടതെന്ന രഹസ്യം പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കോലി ഇക്കാര്യം തുറന്നുപറഞ്ഞത്. 2012ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സിഡ്നി ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം.
ലണ്ടന്‍: ഓസ്ട്രേലിയന്‍ ആരാധകര്‍ക്കുനേരെ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ച സംഭവത്തില്‍ എങ്ങനെയാണ് വിലക്ക് കിട്ടാതെ രക്ഷപ്പെടതെന്ന രഹസ്യം പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കോലി ഇക്കാര്യം തുറന്നുപറഞ്ഞത്. 2012ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സിഡ്നി ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി ഓസ്ട്രേലിയന്‍ ആരാധകര്‍ക്കുനേരെ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം വിവാദമായി.
തുടര്‍ന്ന് മാച്ച് റഫറി രഞ്ജന്‍ മദുഗുലെ കോലിയെ ഹിയറിംഗിന് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ മുറിയിലേക്ക് കയറിചെന്നതും ഞാന്‍ ചോദിച്ചത് എന്താണ് സംഭവമെന്നായിരുന്നു. എന്താണ് ഇന്നലെ ബൗണ്ടറി ലൈനില്‍ സംഭവിച്ചത് എന്ന് മദുഗുലെ തിരിച്ചു ചോദിച്ചു. ഒന്നുമില്ല, അത് വെറുമൊരു കളിയാക്കലെന്നായിരുന്നു എന്റെ മറുപടി. അപ്പോഴാണ് ഞാന്‍ നടുവിരലുയര്‍ത്തി നില്‍ക്കുന്ന വലിയ ചിത്രത്തോടെയുള്ള പത്രം അദ്ദേഹം എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു, എന്നോട് ക്ഷമിക്കണം,ദയവു ചെയ്ത് എന്നെ കളിയില്‍ നിന്ന് വിലക്കരുത്. ആ ഡയലോഗില്‍ ഞാന്‍ രക്ഷപ്പെട്ടു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ചെറുപ്പക്കാരനായ ഞാന്‍ അതിന്റെ ചോരത്തിളപ്പില്‍ ചെയ്തുപോയതാണ് ഇതെന്ന് അദ്ദേഹത്തിന് മനസിലായി.
ചെറുപ്പകാലത്ത് ചെയ്തുപോയ പലകാര്യങ്ങളെയും ഓര്‍ത്ത് പിന്നീട് ഞാന്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും ഞാന്‍. എന്റെ സ്വഭാവം ലോകത്തിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ മാറ്റാന്‍ ഞാന്‍ ഇതുവരെ തയാറായിട്ടില്ല. എന്റെ ക്രിക്കറ്റ് കരിയര്‍ വാര്‍ത്തെടുക്കുന്നതില്‍ കോച്ച് രാജ്കുമാര്‍ ശര്‍മയ്ക്ക് വലയി പങ്കുണ്ട്. എന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം മനസിലാക്കിയുള്ള വ്യക്തി അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ഞാനെന്തെങ്കിലും തെറ്റ് ചെയ്താല്‍ ഇപ്പോഴും അദ്ദേഹം ഇടപെടും.കുട്ടിക്കാലത്തും അദ്ദേഹത്തെ മാത്രമെ ഞാന്‍ പേടിച്ചിട്ടുള്ളു.
ഒമ്പതാം വയസില്‍ അദ്ദേഹത്തിന്റെ അക്കാദമിയിലെത്തിയപ്പോഴും ഇപ്പോള്‍ എത്തിയാലും എന്റെ കളിയെക്കുറിച്ചു തന്നെയാണ് ഞാന്‍ സംസാരിക്കാറുള്ളത്. നായകനെന്ന നിലയില്‍ ടീമിലെ യുവതാരങ്ങള്‍ക്ക് വഴികാട്ടുക എന്നതാണ് ഇപ്പോഴത്തെ എന്റെ ചുമതല. എന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത തെറ്റുകള്‍ അവര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നത് തന്റെ ചുമതലയാണെന്നും കോലി പറഞ്ഞു.
