ബംഗളുരു: ബി സി സി ഐ വാര്‍ഷിക അവാര്‍ഡുകള്‍ ബെംഗളൂരുവില്‍ സമ്മാനിച്ചു. മികച്ച താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് കോലി ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ദിലീപ് സര്‍ദ്ദേശായി അവാര്‍ഡ് ആര്‍ അശ്വിനാണ്. കഴിഞ്ഞ വര്‍ഷത്തെ വീന്‍ഡീസ് പരമ്പരയിലെ ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിന് നേട്ടമായത്. മിതാലി രാജാണ് മികച്ച വനിതാതാരം. ചടങ്ങില്‍ പട്ടൗടി മെമ്മോറിയല്‍ പ്രഭാഷണം ഫാറൂഖ് എന്‍ജിനീയര്‍ നടത്തി. ബി സി സി ഐ പുതിയ ഭരണസമിതിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മുംബൈ, കര്‍ണാടക തുടങ്ങി നിരവധി ക്രിക്കറ്റ് അസോസിയേഷനുകള്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.