ഈ ദീപാവലിക്കാലത്ത് ഒട്ടേറെ അഭിമുഖ പരിപാടികള്‍ ഹിന്ദി ചാനലുകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് കോലിയും ആമിര്‍ഖാനും തമ്മിലുള്ള ചാറ്റ് ഷോ. ഇരുവരും വ്യക്തിഗത ജീവിതത്തിലെ രഹസ്യങ്ങള്‍ ചുരുളഴിക്കുന്ന ഈ പരിപാടിയില്‍ അനുഷ്‌കയുമൊത്തുള്ള പ്രണയം മുതല്‍ ചീക്കു എന്ന ചെല്ലപ്പേരിനെക്കുറിച്ചുമൊക്കെ കോലി മനസ് തുറക്കുന്നുണ്ട്. ആനുഷ്‌കയെ ഏറെ ഇഷ്‌ടപ്പെടുന്നുണ്ടെങ്കിലും എപ്പോഴും 5-7 മിനിട്ട് ലേറ്റായിരിക്കും. എന്നാല്‍ താനുമൊത്തുള്ള പ്രണയം തുടങ്ങിയതിനുശേഷം ഈ വൈകിവരുന്ന ശീലത്തില്‍ അനുഷ്‌ക അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും കോലി പറയുന്നു. അണ്ടര്‍-17 ലോകകപ്പ് കാലത്ത്, തന്റെ പ്രത്യേകതരം ഹെയര്‍കട്ട് കാരണമാണ് ചീക്കു(മുയല്‍) എന്ന വിളിപ്പേര് കിട്ടിയതെന്നും കോലി പറയുന്നു. അടുത്തിടെ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ നേരില്‍ക്കണ്ടപ്പോഴുള്ള അനുഭവം രസകരമായിരുന്നുവെന്നും കോലി പറഞ്ഞു. അന്ന് നെഹ്റയെ ജഗദിഷ് നെഹ്റയെന്നും, യൂസഫ് പത്താനെ ജോസഫ് പത്താനെന്നും ഗുര്‍മീത് വിളിച്ചത്, ഒപ്പമുണ്ടായിരുന്നവരില്‍ ചിരി പടര്‍ത്തിയെന്നും കോലി പറയുന്നു. ജോ ജീത്താ വഹി സികന്ദര്‍, ത്രീ ഇഡിയറ്റ്സ്, പികെ എന്നിവയാണ് തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ആമിര്‍ഖാന്‍ സിനിമകളെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ പറയുന്നു.