ഫുട്ബോള്‍ കളിക്കുമ്പോള്‍ താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. നന്നായി ഗോളടിക്കാനുളള കഴിവ് തനിക്കുണ്ട്. ഇടതുകാലും വലതുകാലും ഒരുപോലെ ഉപയോഗിക്കാനാകും. ഒരു ഫുട്ബോളര്‍ എന്ന നിലയില്‍ പൂര്‍ണതയുള്ള കളിക്കാരനായാണ് തന്നെ സ്വയം വിലയിരുത്തുന്നതെന്നും കോലി പറഞ്ഞു. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള ഫുട്ബോള്‍ മല്‍സരത്തിന് മുന്നോടിയായാണ് കോലിയുടെ കമന്റ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഓള്‍ ഹാര്‍ട്സ് എഫ്‌സിയും ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നേതൃത്വം നല്‍കുന്ന ഓള്‍ സ്റ്റാര്‍സ് എഫ്‌സിയും തമ്മിലാണ് മല്‍സരം. ഒക്‌ടോബര്‍ 15ന് മുംബൈയിലെ അന്ധേരി സ്‌പോര്‍ട്സ് കോംപ്ലക്സിലാണ് മല്‍സരം നടക്കുന്നത്. ഗോള്‍വലയം കാക്കാന്‍ മൊഹമ്മദ് ഷമിയുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്നാണ് കോലിയുടെ പക്ഷം. കഴിഞ്ഞവര്‍ഷം നടന്ന സെലിബ്രിറ്റി ഫുട്ബോള്‍ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി പുറത്തെടുത്തതെന്നും കോലി പറഞ്ഞു.