മുംബൈ: അപരാജിത സെഞ്ചുറിയുമായി ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ച് വിരാട് കൊഹ്‌ലിയും ഫോമിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച സെഞ്ചുറിയുമായി മുരളി വിജയ്‌യുയും കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ട് സ്കോറായ 400 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെടുത്തിട്ടുണ്ട്. 147 റണ്‍സുമായി കൊഹ്‌ലിയും 30 റണ്‍സുമായി ജയന്ത് യാദവും ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് കൂടി കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.

ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് തെറിക്കുന്നത് കണ്ടാണ് ഇന്ത്യ മൂന്നാം ദിവസം തുടങ്ങിയത്. രണ്ടാം ദിനത്തിലെ സ്കോറില്‍ നിന്ന് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ബാളിന്റെ പന്തില്‍ പൂജാര പൂജാര ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഇന്ത്യ ഞെട്ടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കൊഹ്‌ലി മൊഹാലി ടെസ്റ്റില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങി. കൊഹ്‌ലിക്ക് വിജയ് മികച്ച പങ്കാളിയായി. വിജയ് ടെസ്റ്റിലെ തന്റെ എട്ടാം സെഞ്ചുറി നേടിയപ്പോള്‍ 247/2 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ലഞ്ചിനുപിരിഞ്ഞ്ത.

എന്നാല്‍ ലഞ്ചിനുശേഷം വിജയ്(136), കരുണ്‍ നായര്‍(13), പാര്‍ഥിവ് പട്ടേല്‍(15), അശ്വിന്‍(0) എന്നിവരെ പെട്ടെന്ന് നഷ്ടമായ ഇന്ത്യ 307/6 ലേക്ക് തകര്‍ന്നെങ്കിലും ആദ്യം ജഡേജയെയും(25) പിന്നീട് ജയന്ത് യാദവിനെയും കൂട്ടുപിടിച്ച് കൊഹ്‌ലി നടത്തിയ പോരാട്ടം ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

187 പന്തില്‍ 11 ബൗണ്ടറികളോടെ സെഞ്ചുറിയിലേക്കെത്തിയ കൊഹ്‌ലി ടെസ്റ്റ് കരിയറിലെ പതിനഞ്ചാമത്തെ സെഞ്ചുറിയാണ് ഇന്ന്കുറിച്ചത്. ഈ പരമ്പരയില്‍ 500 റണ്‍സ് പിന്നിട്ട കൊഹ്‌ലി സുനില്‍ ഗവാസ്കറിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി. ടെസ്റ്റ് കരിയറില്‍ 4000 റണ്‍സെന്ന നാഴികക്കലും കൊഹ്‌ലി ഇന്ന് പിന്നിട്ടു. നാലാം ദിനം കുറഞ്ഞത് 100 റണ്‍സെങ്കിലും ലീഡ് നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആദില്‍ റഷീദ്, ജോ റൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.