കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 316 റണ്‍സില്‍ അവസാനിച്ചു. 239/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ അവസാന വിക്കറ്റില്‍ ഷാമിയും സാഹയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 35 റണ്‍സാണ് 300 കടത്തിയത്. രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

14 റണ്‍സെടുത്ത ജഡേജയെ വാഗ്നര്‍ ഹെന്‍റിയുടെ കൈകളിലെത്തിച്ചു. 272 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യയുടെ സ്കോര്‍. തൊട്ടുപിന്നാലെ ഭുവനേശ്വര്‍ കുമാറിനെ(5) സാന്റനര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 300 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ ഷാമിയെ കൂട്ടുപിടിച്ച് സാഹ പൊരുതി. 54 റണ്‍സുമായി പുറത്താകാതെ നിന്ന സാഹയ്ക്ക് 14 റണ്‍സെടുത്ത ഷാമി മികച്ച പിന്തുണ നല്‍കി.

ബൗള്‍ട്ടിന്റെ പന്തില്‍ ഷാമിയെ ബൗണ്ടറിയില്‍ പറന്നുപിടിച്ച ഹെന്‍റിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശീലയിട്ടത്. കീവീസിനായി ഹെന്‍റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബൗള്‍ട്ട്, വാഗ്നര്‍, പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.