കൊല്‍ക്കത്ത: ഓസീസിനെ കറക്കിവീഴ്ത്തിയ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഹാട്രിക് പുത്തരിയല്ല. 2014ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ സ്‌കോട്‌ലന്‍റിനെതിരെ കുല്‍ദീപ് ഹാട്രിക് നേടിയിരുന്നു. സ്‌കോട്‌ലന്‍റിന്‍റെ നിക് ഫരാര്‍, കൈല്‍ സ്റ്റിര്‍ലിംഗ്, അലക്‌സ് ബോം എന്നിവരെയാണ് അന്ന് കുല്‍ദീപ് പുറത്താക്കിയത്. മല്‍സരത്തില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളും കുല്‍ദീപ് നേടി. അണ്ടര്‍ 19 ലോകകപ്പില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കുല്‍ദീപ്.
ഈഡന്‍ ഗാര്‍ഡനില്‍ മാത്യു വെയ്ഡ്, അഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിണ്‍സ് എന്നിവരാണ് ഇന്ത്യന്‍ ചൈനാമാനു മുന്നില്‍ കീഴടങ്ങിയത്. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. കപില്‍ ദേവും, ചേതന്‍ ശര്‍മ്മയും ഇതിനു മുമ്പ് ഹാട്രിക് നേടിയിരുന്നു. 1991ല്‍ കപില്‍ ദേവ് ഈഡന്‍ ഗാര്‍ഡനില്‍ ഹാട്രിക് നേടിയിട്ടുണ്ട്. 54 റണ്‍സിന് മുന്ന് വിക്കറ്റുകളാണ് കുല്‍ദീപ് ഓസീസിനെതിരെ വീഴ്ത്തിയത്.
