2016ല്‍ യുഎഇക്കെതിരെ ലങ്കയുടെ നയിച്ചശേഷം ഇതാദ്യമായാണ് മലിംഗ ലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്. തുടര്‍ച്ചയായ പരിക്കുകളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ മലിംഗ തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് ക്യാപ്റ്റന്‍ സ്ഥാനം കൂടി ലഭിക്കുന്നത്

കൊളംബോ: ക്യാപ്റ്റന്‍ സ്ഥാനത്ത് ശ്രീലങ്ക കസേരകളി തുടരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിന്റെ നായകനായി 35കാരനായ ലസിത് മലിംഗയെ തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനവും ഒരു ട്വന്റി-20 മത്സരവുമാണ് ലങ്ക കളിക്കുന്നത്. ജനുവരി മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്.

2016ല്‍ യുഎഇക്കെതിരെ ലങ്കയുടെ നയിച്ചശേഷം ഇതാദ്യമായാണ് മലിംഗ ലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്. തുടര്‍ച്ചയായ പരിക്കുകളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ മലിംഗ തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് ക്യാപ്റ്റന്‍ സ്ഥാനം കൂടി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യക്കെതിരായ ഒരു ഏകദിന മത്സരത്തില്‍ മലിംഗ ലങ്കയെ നയിച്ചിരുന്നു.

നിരോഷന്‍ ഡിക്‌വെല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട എയ്ഞ്ചലോ മാത്യൂസ് 17 അംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ കുശാല്‍ പെരേരയും ടീമിലുണ്ട്.

കായിക മന്ത്രിയുടെ അഭാവത്തില്‍ പ്രസിഡന്റ് മതിരിപാല സിരിസേനയുടെ അംഗീകാരത്തോടെയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ തെരഞ്ഞെടുത്തത്.