ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് റാങ്കിംഗില്‍ മേല്‍ക്കൈ. പരമ്പര വിജയത്തോടെ ഒരു റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്ന് ഇന്ത്യ മൂന്നാമതെത്തി. 122 റേറ്റിംഗ് പോയിന്‍റാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. 126 റേറ്റിംഗ് വീതമുള്ള പാക്കിസ്ഥാന്‍ ഒന്നാമതും ഓസ്‌‌ട്രേലിയ രണ്ടാമതുമാണ്. ശതമാനക്കണക്കില്‍ നേരിയ വ്യത്യസത്തിലാണ് പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ മറികടന്നത്.

അതേസമയം പരമ്പര കൈവിട്ട ദക്ഷിണാഫ്രിക്ക ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാമതായി. 116 റേറ്റിംഗുമായി ന്യൂസീലാന്‍ഡ് മൂന്നാമതും 115 റേറ്റിംഗുള്ള വെസ്റ്റിന്‍ഡീസ് അഞ്ചാം സ്ഥാനത്തുമാണ്. ആദ്യം ടി20യില്‍ 28 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം അങ്കത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.