ബാഴ്സലോണ: ഫുട്ബോളില്‍ ഇതിലുംവലിയൊരു തിരിച്ചുവരവുണ്ടായിട്ടില്ല. അവിശ്വസനീയമെന്ന ഒറ്റവാക്കില്‍ അതിനെ വിശേഷിപ്പിക്കാനവുമില്ല. ബാഴ്സലോണയ്ക്ക് മാത്രം കഴിയുന്ന സ്വപ്നതുല്യമായൊരു തിരിച്ചുവരവിലൂടെ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ ക്വാര്‍ട്ടറിലെത്തി. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ പി എസ് ജിയെ 6-1നാണ് ബാഴ്‌സ കീഴടക്കിയത്. അവസാന എട്ട് മിനിറ്റിലാണ് ബാഴ്‌സ 3 ഗോള്‍ നേടിയത്.

വലിയ വിജയം സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയുന്ന ടീമാണ് ബാഴ്‌സലോണയെന്ന് പറഞ്ഞ ടീം സ്‌പോര്‍ടിംഗ് ഡയറക്ടര്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് പോലും സ്വപ്നം കണ്ടിട്ടുണ്ടാകില്ല ഇങ്ങനെയൊരു ജയം. ആദ്യ പാദത്തില്‍ പിഎസ്ജി 4-0ന് തോല്‍പിച്ചത് മറ്റേതോ ടീമിനെയാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു നു ക്യാംപില്‍ ബാഴ്‌സയുടെ കളി. മൂന്നാം മിനിറ്റില്‍തന്നെം സുവാരസ് മുന്നിലെത്തിച്ചു.

നാല്പതാം മിനിറ്റില്‍ ലെയ്വിന്‍ കുര്‍സാവയുടെ സെള്‍ഫ് ഗോളിലൂടെ സ്കോര്‍ 2-0 മായി. അമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലയണല്‍ മെസി ബാഴ്സയെ മൂന്നടി മുന്നിലെത്തിച്ചു. എന്നാല്‍ 62 ആം മിനിറ്റില്‍ വിലപ്പെട്ട എവേ ഗോള്‍ പി എസ്ജിക്കായി കവാനി നേടിയതോടെ ബാഴ്‌സ ആരാധകര്‍ പ്രതീക്ഷ ഏതാണ്ട് കൈവിട്ടു. 88-ാം മിനിറ്റിലെത്തുമ്പോഴും ബാഴ്‌സക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് മൂന്ന് ഗോള്‍ അകലെ. പിന്നെ നു കാംപില്‍ കണ്ടതിനെ അദ്ഭുതം എന്നൊന്നും വിശേഷിപ്പിച്ചാല്‍ പോരാ.വെറും എട്ടു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ കൂടി നേടി ബാഴ്സ പിഎസ്ജി വധം പൂര്‍ത്തിയാക്കി.

അതില്‍ രണ്ടെണ്ണം നെയ്മറുടെ വക. ഇഞ്ച്വറി ടൈമിന്‍റെ അവസാന മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോയുടെ വക ഒരെണ്ണം. പിഎസ്ജിയുടെ പ്രതീക്ഷയില്‍ അവസാന ആണിയുമടിച്ച് ബാഴ്‌സലോണക്ക് മാത്രം കഴിയുന്ന തിരിച്ചുവരവ്.2005ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്നുഗോളിന് പിന്നിട്ടു നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തിയ ലിവര്‍പൂളിന്റെ വിജയം പോലും ഇനി ബാഴ്സയുടെ ഈ വിജയത്തിന് നിഷ്പ്രഭമായി. മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെന്‍ഫിക്കയെ തോല്‍പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടറിലെത്തി.