'അയാള്‍ രാജ്യത്തെയും വഞ്ചിച്ചു, കോലിയെ പോലെ ബോളീവുഡ് താരത്തെ വിവാഹം ചെയ്യണം'

First Published 9, Mar 2018, 5:01 PM IST
Like Virat Kohli Mohammad Shami wants to marry a Bollywood actress Hasin Jahan
Highlights
  • 'അയാള്‍ രാജ്യത്തെയും വഞ്ചിച്ചു, കോലിയെ പോലെ ബോളീവുഡ് താരത്തെ വിവാഹം ചെയ്യണം'

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. ഷമിക്ക് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ ബോളിവുഡ് താരത്തെ വിവാഹം ചെയ്യന്‍ താല്‍പര്യമുണ്ടെന്നും അതിനാലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും ഹാസിന്‍  പറഞ്ഞു. ഇന്ത്യാ ടിവിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഹാസിന്‍ വെളിപ്പെടുത്തലുമായെത്തിയത്. 

ബോളീവുഡ് താരത്തെ വിവാഹം ചെയ്യുകയെന്ന ലക്ഷ്യത്തിലെത്തുന്നതിന് തന്നെ വിവാഹം ചെയ്തത് വലിയ അബദ്ധമായെന്നാണ് ഇപ്പോള്‍ ഷമി കരുതുന്നത്. ഷമിക്ക് വേണ്ടിയാണ് വിവാഹ ശേഷം മോഡലിങ് ഉപേക്ഷിച്ചത്. സഹിക്കാവുന്നതിന്‍റെ പരമാവതി സഹിച്ചു. മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിട്ടുണ്ട്. വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. സഹിക്കാനാകാതെയാണ് നിയമപരമായി നീങ്ങുന്നതെന്നും ഹാസിന്‍ പറഞ്ഞു

ഷമിക്കെതിരെ വാതുവയ്പ്പ് ആരോപണവും ഹാസിന്‍ ഉന്നയിച്ചു. തന്നെ അയാള്‍ക്ക് വഞ്ചിക്കാമെങ്കില്‍ രാജ്യത്തെയും വഞ്ചിക്കാന്‍ സാധിക്കും. അലീഷിബ എന്ന പാക് യുവതിയില്‍ നിന്ന് ഷമി പണം വാങ്ങിയിട്ടുണ്ട്. അതിന് തന്‍റെ കയ്യില്‍ തെളിവുകളുണ്ട്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായി എന്ന ആളാണ് ഷമിയെ ഇതിനായി സഹായിച്ചതെന്നും ഹാസിന്‍ അഭിമുഖത്തില്‍ ആരോപിച്ചു.

ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ നേരത്തെ ആരോപിച്ചിരുന്നു. ഷാമിയുടെ പരസത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും സഹിതമായിരുന്നു ഹാസിന്‍ ആരോപണം ഉന്നയിച്ചത്.

താന്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇതിലും ഭയാനകമാണ് ഷമിയുടെ പ്രവര്‍ത്തികളെന്നും ഹാസിന്‍ അന്ന് പറഞ്ഞിരുന്നു. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഹസിന്‍ ദേശീയ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചിരുന്നു. ഷമിയുടെ കുടുംബത്തിലെ എല്ലാവരും തന്നെ പീഡിപ്പിക്കുകയാണെന്നും ഇക്കാര്യം ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നും ഹാസിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഹസിന്റ ആരോപണങ്ങള്‍ക്ക് ഷമി ട്വിറ്ററിലൂടെ മറുപടി നല്‍കി. രാജ്യത്തെ വഞ്ചിക്കുന്നതിലും ഭേദം മരണമാണെന്നായിരുന്നു ഷമിയുടെ പ്രതികരണം. തന്റെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഷമി നേരത്തെ ആരോപണം പുറത്തുവന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നു.

അതേസമയം ഹാസിന്‍റെ പരാതിയില്‍ ഷമിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം കൊലപാതകശ്രമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

loader