ബ്യൂണസ് അയേഴ്സ്: ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലിയണൽ മെസ്സിയും ലൂയിസ് സുവാരസും കളിക്കളത്തിന് പുറത്തും ഒരുമിക്കുന്നു. മെസ്സിയുടെ കാമുകിയും സുവാരസിന്റെ ഭാര്യയും ചേർന്ന് തുടങ്ങിയ പുതിയ സ്ഥാപനം താരങ്ങൾ ഉദ്ഘാടനം ചെയ്തു.
കളിത്തട്ടിൽ ഗോളുകൾ അടിച്ചുകൂട്ടുന്ന ലിയണൽ മെസ്സിക്കും ലൂയിസ് സുവാരസിനും ഇന്നലെ വ്യത്യസ്തമായൊരു റോളായിരുന്നു. മെസ്സിയുടെ കാമുകി ആന്‍റെനൊല്ല റോക്കൂസോയും സുവാരസിന്‍റെ ഭാര്യ സോഫിയ ബാൽബിയും ചേർന്ന് തുടങ്ങിയ സ്ഥാപനത്തിന്റെ ഉദ്ഘാടകർ.
സ്ത്രീകൾക്ക് മാത്രമായി പാദരക്ഷകളും അനുബന്ധ വസ്തുക്കളുമുള്ള സ്റ്റോറാണ് സൂപ്പർ താരങ്ങൾ ഉദ്ഘാടനം ചെയ്തത്. പ്രസിദ്ധ ആർജന്റൈൻ ഡിസൈനർ
റിക്കി സർകാനിയുടെ ഫ്രാഞ്ചൈസിയാണ് ആന്‍റെനൊല്ലയും സോഫിയയും ബാഴ്സലോണയിൽ തുറന്നിരിക്കുന്നത്.
മെസ്സിക്കും സുവാരസിനുമൊപ്പം ഉദ്ഘാടന ചടങ്ങിൽ ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മർ, മഷറാനോ തുടങ്ങിയാവരും പങ്കാളികളുമായെത്തി. ചെൽസിതാരം സെസ്ക് ഫാബ്രിഗാസും ചടങ്ങിന് എത്തിയിരുന്നു.
