ബാഴ്‌സലോണ: മാനനഷ്ടക്കേസില്‍ ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി ലിയോണല്‍ മെസി. സ്‌പാനീഷ് പത്രം ലാ റാസണെതിരായ കേസില്‍ ലഭിച്ച നഷ്ടപരിഹാര തുകയാണ് മെസി 'ഡോക്‌ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്' നല്‍കിയത്. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ മെസി ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നായിരുന്നു പത്രത്തിന്‍റെ ആരോപണം. 

ലിയോണല്‍ മെസിക്ക് നഷ്ടപരിഹാരമായി 72,783.20 യൂറോ നല്‍കണമെന്ന ബാഴ്‌സലോണ കോടതിയുടെ വിധി സ്‌പാനിഷ് സുപ്രീംകോടതി ശരിവെച്ചു. തുക പൂര്‍ണ്ണമായും സംഘടനയ്ക്ക് കൈമാറിയ വിവരം സൂപ്പര്‍താരത്തിന്‍റെ മാനേജ്മെന്‍റ് കമ്പനി സ്ഥിരീകരിച്ചു. ലാലിഗയില്‍ ശനിയാഴ്ച്ച സെവിയ്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയിപ്പോള്‍.