തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 

മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്‍റെ ഓള്‍റൗണ്ട് മികവാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചത്. ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സസരത്തിൽ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയിരുന്നു താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്‍റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു.