ബ്രൂണോയെ ഒന്ന് ട്രോളിക്കൊണ്ട് മുന്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് താരം പാട്രിസ് എവ്‌റയും രംഗത്ത് വന്നിരിക്കുന്നു. ബ്രൂണോ ഫെര്‍നാണ്ടസും വീണ്ടും പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആകുന്നത് തനിക്ക് കാണേണ്ടതില്ല. അയാള്‍, തന്റെ ക്ലബ്ബിനെ കിരീടവിജയത്തിലെത്താന്‍ സഹായിക്കുകയാണ് ഇനി വേണ്ടത്- എവ്‌റ പറഞ്ഞു.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്‌റ്റന്‍ ബ്രൂണോ ഫെര്‍നാണ്ടസിനോട് ക്ലബ്ബിന്റെ മുന്‍കാല താരങ്ങള്‍ക്ക് വലിയ മതിപ്പില്ല. ക്ലബ്ബിനെ പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ ബ്രൂണോയുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥ ശ്രമം ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം പൊതുവെയുണ്ട്. വ്യക്തിതഗത പ്രകടനങ്ങളില്‍ മാത്രമാണ് പോര്‍ച്ചുഗല്‍ താരം ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ ഹള്‍ സിറ്റിയോട് തോറ്റപ്പോള്‍ ബ്രൂണോ ഫെര്‍നാണ്ടസ് സഹതാരങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്തിയിരുന്നു. ഗോള്‍കീപ്പര്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും മധ്യനിരയില്‍ നിന്ന് വേണ്ടത്ര പ്രസിംഗ് ഗെയിം നടന്നില്ലെന്നുമൊക്കെ ബ്രൂണോ സഹതാരങ്ങളെ ലക്ഷ്യമിട്ട് വിമര്‍ശനം ഉന്നയിച്ചു. ഇത് ഒരു ക്യാപ്‌റ്റന് ചേര്‍ന്നതല്ലെന്നാണ് ക്ലബ്ബ് ഇതിഹാസമായ പോള്‍ സ്‌കോള്‍സ് വിമര്‍ശിച്ചത്. സ്വന്തം കഴിവുകേടുകള്‍ കാണാതെ സഹതാരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ക്യാപ്‌റ്റന്‍ സംസാരിക്കരുതെന്ന് സ്‌കോള്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ, ബ്രൂണോയെ ഒന്ന് ട്രോളിക്കൊണ്ട് മുന്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് താരം പാട്രിസ് എവ്‌റയും രംഗത്ത് വന്നിരിക്കുന്നു. ബ്രൂണോ ഫെര്‍നാണ്ടസും വീണ്ടും പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആകുന്നത് തനിക്ക് കാണേണ്ടതില്ല. അയാള്‍, തന്റെ ക്ലബ്ബിനെ കിരീടവിജയത്തിലെത്താന്‍ സഹായിക്കുകയാണ് ഇനി വേണ്ടത്- എവ്‌റ പറഞ്ഞു. 2025-26 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ബ്രൂണോയുടെ പ്രകടനം മികച്ചതായിരുന്നു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 37 മത്സരങ്ങള്‍ കളിച്ച ബ്രൂണോ ഒമ്പത് ഗോളുകള്‍ നേടുകയും 22 അസിസ്‌റ്റുകള്‍ നടത്തുകയും ചെയ്‌തു. പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 21 അസിസ്‌റ്റുകള്‍ നേടി. തിയറി ഓന്റി, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവരുടെ അസിസ്‌റ്റ് റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടു.
എന്നാല്‍, പാട്രിസ് എവ്‌റ ബ്രൂണോയുടെ മനോനിലയെ ചോദ്യം ചെയ്യുന്നു. ബ്രൂണോ വ്യക്തിഗത പുരസകാരങ്ങള്‍ നേടിക്കൊണ്ടേയിരിക്കും, പക്ഷേ അവന്‍ തന്റെ സഹതാരങ്ങളെക്കൊണ്ട് മികച്ച രീതിയില്‍ കളിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ശരിയാണ്, ബ്രൂണോ അസിസ്‌റ്റുകളും ഗോളുകളുമെല്ലാം നല്‍കുന്നുണ്ട്, എന്നാല്‍ നമുക്ക് കാപട്യം അവസാനിപ്പിക്കാം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ എല്ലാവരോടുമായി ഞാന്‍ ചോദിക്കുന്നു: ബ്രൂണോ ടീമിനെ മികച്ച രീതിയില്‍ കളിപ്പിക്കുന്നുണ്ടോ? അവന്‍ കളി നിയന്ത്രിക്കുന്നുണ്ടോ? ഇല്ല. പക്ഷേ, അവന്‍ ചില മത്സരങ്ങള്‍ ജയിക്കുന്നുണ്ടോ? അതേ - പാട്രിസ് എവ്‌റ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത മത്സരം ഓഗസ്‌റ്റ് 30ന് ഇപ്‌സ്വിച് ടൗണിനെതിരെയാണ്.
