ബ്രസല്‍സ്: യൂറോ കപ്പിലെ തോൽവിക്ക് പിന്നാലെ ബൽജിയം ഫുട്ബോൾ ടീം കോച്ച് മാ‍ർക് വിൽമോട്ട്സിനെ പുറത്താക്കി. യൂറോ കപ്പിൽ ടീമിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ വിൽമോട്സിന് കഴിഞ്ഞില്ലെന്ന് ബൽജിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഫ്രാങ്കോയിസ് കീർസ്മെക്കർ പറഞ്ഞു. ബൽജിയം യൂറോ കപ്പിന്‍റെ ക്വാർട്ടറിൽ പുറത്തായിരുന്നു.

നാലുവർഷമായി ടീമിന്റെ കോച്ചാണ് വിൽമോട്സ്. സെപ്റ്റംബർ ഒന്നിന് സ്പെയിനുമായി നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് മുന്നോടിയായി പുതിയ കോച്ചിനെ നിയമിക്കുമെന്നും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ബല്‍ജിയത്തിന്റെ സുവര്‍ണതലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘമുണ്ടായിട്ടും ലോകകപ്പിലും യൂറോ കപ്പിലും ബല്‍ജിയത്തിന് ക്വാര്‍ട്ടറിനപ്പുറം കടക്കാനായിരുന്നില്ല. ലോകകപ്പില്‍ അര്‍ജന്റീനയായിരുന്നു ബല്‍ജിയത്തെ കീഴടക്കിയത്. ലോക റാങ്കിംഗില്‍ അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബല്‍ജിയം ഇപ്പോള്‍.