സി‍ഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത് മാര്‍ഷ് സഹോദരന്‍മാരുടെ സെഞ്ചുറി മേളമാണ്. ചേട്ടന്‍ ഷോണ്‍ മാര്‍ഷ് 291 പന്തില്‍ 156 റണ്‍സെടുത്തപ്പോള്‍ അനിയന്‍ മിച്ചല്‍ മാര്‍ഷ് 141 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 169 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷിന്‍റെ ആറാം സെഞ്ചുറിയും മിച്ചല്‍ മാര്‍ഷിന്‍റെ രണ്ടാം സെഞ്ചുറിയുമാണ് മത്സരത്തില്‍ പിറന്നത്. 

എന്നാല്‍ മിച്ചല്‍ സെ‌‌‌ഞ്ചുറി പൂര്‍ത്തിയാക്കുന്നതിനിടെ ഇരുവര്‍ക്കും അബദ്ധം പിണ‌ഞ്ഞു. ഡീപ് സ്ക്വയറിലേക്ക് പന്തടിച്ച ശേഷം റണ്ണിനായി ഓടിയ മിച്ചലിനെ ആലിംഗനം ചെയ്യാന്‍ ഷോണ്‍ ശ്രമിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഓട്ടം പൂര്‍ത്തിയാക്കും മുമ്പ് ഇരുവരും സന്തോഷം പങ്കിടുന്നത് കണ്ട് ഡ്രസിംഗ് റൂമിലിരുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് തലയില്‍ കൈവെച്ചു. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ സ്മിത്ത് അലറിവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

തനിക്കാണ് അബന്ധം പിണഞ്ഞത് എന്നായിരുന്നു സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഷോണ്‍ മാര്‍ഷിന്‍റെ മറുപടി. ആദ്യ റണ്ണിനായി ഓടുന്നതിനിടെ മിച്ചലിനെ ആലിംഗനം ചെയ്യാനായി ഷോണ്‍ തിടുക്കം കൂട്ടുകയായിരുന്നു. പന്ത് എവിടെയാണെന്ന് താന്‍ ചിന്തിച്ചില്ലെന്നും ഷോണ്‍ മാര്‍ഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാപ്പല്‍, വോ സഹോദരന്‍മാര്‍ക്ക് ശേഷം ഒരേ ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന ഓസീസ് സഹോദരങ്ങളാണ് ഇരുവരും. 

Scroll to load tweet…
Scroll to load tweet…