എറണാകുളം: കാഞ്ഞിരമറ്റത്തെ കൂലിപ്പണിക്കാരായ ദിനേശന്‍റെയും ഷീലയുടെയും മകനാണ് ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ എംഡി നിതീഷ്. അപ്രതീക്ഷിത നേട്ടത്തിന്‍റെ സന്തോഷത്തിലാണ് നിതീഷും കുടുംബവും. മുംബൈ ഇന്ത്യൻസിന്‍റെ സെലക്ഷൻ ട്രയൽസിൽ നിന്ന് പരിക്ക് മൂലം പിന്മാറേണ്ടി വന്നതിന്‍റെ നിരാശയിൽ നിൽക്കുമ്പോഴാണ് നിതീഷിനെ തേടി അവസരം എത്തുന്നത്. 

റിയലൻസിന്‍റെ ഉടമസ്ഥതയിലുള്ള, ഐപിഎല്ലിലെ ഏറ്റവും ഗ്ലാമർ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മകൻ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് കാഞ്ഞിരമറ്റത്തെ ഈ തൊഴിലാളി കുടുംബം. ഫാസ്റ്റ് ബൗളറായ എംഡി നിതീഷിനെ 20ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്. കക്കവാരൽ തൊഴിലാളിയായ അച്ഛൻ ദിനേശനും തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന അമ്മ ഷീലയ്ക്കും മകന്‍റെ നേട്ടത്തിൽ അഭിമാനം. കളിച്ചുനടന്ന മകനെ വഴക്കുപറഞ്ഞതോർത്ത് സങ്കടവും

കേരളത്തിന്‍റെ രഞ്ജി ട്രോഫി താരമായ നിതീഷ് മുംബൈ ഇന്ത്യൻസ് ടീമിലെത്തുന്ന ആദ്യ മലയാളി കൂടിയാണ്. മലയാളിതാരങ്ങളായ ടിനു യോഹന്നാനും ശ്രീശാന്തും നൽകുന്ന പ്രോത്സാഹനവും നേട്ടങ്ങളിൽ നിർണായകമായെന്ന് നിതീഷ് പറഞ്ഞു .കുടുംബവും നാട്ടുകാരും പരിശീലകരും ആഗ്രഹിക്കുന്നത് പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നിതീഷ്.