സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആര്? റൊണാള്‍ഡോയാണോ അതോ മെസിയാണോ? ഫുട്ബോള്‍ വിദഗ്ദ്ധരെ ശരിക്കും കുഴയ്‌ക്കുന്ന ചോദ്യമാണിത്. റൊണാള്‍ഡോയ്‌ക്കും മെസിക്കും അവരുടേതായ ശക്തിയും ദൗര്‍ബല്യവുമുണ്ട്. ഇവിടെയിതാ, റൊണാള്‍ഡേയാക്കാള്‍ മെസി മികവ് കാട്ടുന്ന 5 കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, തന്ത്രപരവും അനായാസവുമായ നീക്കങ്ങള്‍...
കളിക്കളത്തില്‍ മെസി പുറത്തെടുക്കുന്ന തന്ത്രപരവും അനായാസവുമായ നീക്കങ്ങള്‍ റൊണാള്‍ഡോയില്‍നിന്ന് ഉണ്ടാകാറില്ല. ആരും പ്രതീക്ഷിക്കാത്ത പെട്ടെന്നുള്ള നീക്കങ്ങളിലൂടെ കളി മാറ്റിമറിക്കാന്‍ മെസിക്ക് സാധിക്കും. അതുകൊണ്ടുതന്നെ കണ്‍വേര്‍ഷന്‍ നിരക്ക് റൊണാള്‍ഡോയേക്കാള്‍ കൂടുതലാണ് മെസിക്ക്. റൊണാള്‍ഡോയേക്കാള്‍ സഹതാരങ്ങള്‍ക്ക് പന്തെത്തിക്കാന്‍ ഇക്കാരണംകൊണ്ട് മെസിക്ക് അനായാസമായി സാധിക്കുന്നു. എന്നാല്‍ ഒറ്റയ്‌ക്ക് പന്തുമായി മുന്നേറി ഗോളടിക്കുന്നതാണ് റൊണാള്‍ഡോയുടെ ശൈലി.
2, കിരീടവിജയങ്ങള്‍...
ഒരു ചാംപ്യന്‍ഷിപ്പിലെ ജേതാക്കളെ നിശ്ചയിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ മികവോടെ കളിക്കാന്‍ സാധിക്കുന്ന താരമാണ് ലിയോണല്‍ മെസി. റൊണാള്‍ഡോ, റയലിന് നേടിക്കൊടുത്തതിനേക്കാള്‍ കിരീടങ്ങള്‍ മെസി, ബാഴ്‌സയ്‌ക്ക് നേടിക്കൊടുത്തത് ഇതുകൊണ്ടാണ്. മെസിയുള്ള ബാഴ്‌സ 30 കിരീടങ്ങള്‍ നേടിയപ്പോള്‍, റൊണാള്‍ഡോയ്‌ക്കൊപ്പം റയല്‍ സ്വന്തമാക്കിയത് 26 കിരീടങ്ങളാണ്.
3, അസിസ്റ്റ് മികവ്...
ആദ്യം പറഞ്ഞതുപോലെ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്ന കാര്യത്തില്‍ മെസി റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്. ബാഴ്‌സയില്‍ മെസിയുടെ പാസില്‍നിന്ന് കൂട്ടുകാര്‍ 116 തവണ സ്‌കോര്‍ ചെയ്‌തപ്പോള്‍, റൊണാള്‍ഡോയുടെ സഹായത്തോടെ റയല്‍ താരങ്ങള്‍ 82 ഗോളുകളാണ് നേടിയിട്ടുള്ളത്.
4, ഡ്രിബ്ലിങ് പാടവം...
ഒരു സ്‌ട്രൈക്കളുടെ കളിമികവ് അളക്കുന്ന പ്രധാന ഘടകമാണ് ഡ്രിബ്ലിങ്. ഇക്കാര്യത്തില്‍ റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2009-10ന് ശേഷം ഒരു മല്‍സരത്തില്‍ മെസിയുടെ ശരാശരി ഡ്രിബ്ലിങ് നിരക്ക് 7.6 ആണ്. ഇതില്‍ 4.5 ഡ്രിബ്ലിങുകളും വിജയകരമായിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ ഒരു മല്‍സരത്തിലെ ശരാശരി ഡ്രിബ്ലിങ് 3.6 ആണ്. അതില്‍ 1.8 മാത്രമാണ് വിജയകരമായി പരിണമിച്ചിട്ടുള്ളു.
5, ഗോളടിയിലും മെസി മുന്നില്‍...
സ്‌പാനിഷ് ലാലിഗയില്‍ മെസിയേക്കാള്‍ ഗോള്‍ നേടിയിട്ടുള്ളത് റൊണാള്‍ഡോയാണ്. എന്നാല്‍ റൊണാള്‍ഡോയേക്കാള്‍ ഒരു വര്‍ഷത്തിന് ശേഷം കരിയര്‍ തുടങ്ങിയ മെസിക്കാണ് മികച്ച ഗോള്‍ സ്‌കോറിങ് നിരക്കുള്ളത്. മെസിയുടെ ഗോള്‍ സ്‌കോറിങ് നിരക്ക് ശരാശരി ഒരു കളിയില്‍ 0.81 ആണെങ്കില്‍ റൊണാള്‍ഡോയുടേത് 0.70 മാത്രമാണ്. റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ 2014-15 ആയിരുന്നു, അന്ന് 54 കളികളില്‍ 61 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. മെസി ഏറ്റവും മികവ് കാട്ടിയത് 2011-12 സീസണിലായിരുന്നു. അന്ന് 61 മല്‍സരങ്ങളില്‍ മെസി അടിച്ചുകൂട്ടിയത് 71 ഗോളുകളായിരുന്നു.
