മാഡ്രിഡ്: ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കേമനെന്ന ചോദ്യം തല്‍ക്കാലും മറക്കാം. ഇരുവരും നേര്‍ക്കുനേര്‍ പോരിനിറങ്ങിയപ്പോള്‍ മെസ്സിയുടെ പ്രതിഭാ സ്‌പര്‍ശത്തില്‍ റൊണാള്‍ഡോ നിഷ്പ്രഭനായിപ്പോയി. ഫുട്ബോള്‍ ലോകം ഉറ്റുനോക്കിയ സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്‌സലോണ ജയിച്ചു കയറി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ശരിക്കും ക്ലാസിക് ആയ പോരാട്ടത്തില്‍ ബാഴ്‌സയുടെ ജയം. ജയത്തോടെ സ്‌പാനിഷ് ലീഗില്‍ ബാഴ്‌സ കീരിട പ്രതീക്ഷ നിലനിര്‍ത്തി.
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയപ്പോള്‍ മെസ്സി ബാഴ്‌സയുടെ യഥാര്‍ഥ രക്ഷനായി. കാസിമിറോയിലൂടെ റയലാണ് ആദ്യം ഗോളടിച്ചു തുടങ്ങിയത്. മെസ്സിയുടെ പ്രതിഭാ സ്‌പര്‍ശമുള്ള ഗോളിലൂടെ ബാഴ്‌സ ഒപ്പമെത്തി. ആദ്യ പകുതിയില്‍ ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനുശേഷം രണ്ടാം പകുതിയില്‍ റാക്കിട്ടിച്ച് ബാഴ്‌സയ്‌ക്ക് ലീഡ് നല്‍കി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഹമീഷ് റോഡ്രിഗസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ആയിരുന്നു ബാഴ്‌സയ്‌ക്കായി മെസിയുടെ വിജയഗോള്‍. ബാഴ്‌സയ്‌ക്കായി മെസിയുടെ അഞ്ഞൂറാം ഗോളായിരുന്നു ഇത്.
എഴുപത്തിയേഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ റയല്‍ പത്തുപേരുമായാണ് കളിച്ചത്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. 33 കളിയില്‍ 75 പോയിന്റുമായി ബാഴ്‌സയാണിപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. 32 കളിയില്‍ നിന്ന് ഇതേ പോയിന്റുമായി റയല്‍ ഒപ്പമുണ്ട്.
