ലോസാഞ്ചല്‍സ്: കോപ്പ അമേരിക്കയിൽ മുൻ ചാമ്പ്യൻമാരായ ഉറൂഗ്വേയ്ക്ക് തോൽവി. മെക്സിക്കോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉറൂഗ്വേയെ തോൽപിച്ചു. മറ്റൊരു മത്സരത്തില്‍ വെനസ്വേല ഏകപക്ഷീയമായ ഒരു ഗോളിന് ജമൈക്കയെ മറികടന്നു. ഉറുഗ്വേയ്ക്ക് തൊട്ടതെല്ലാം പിഴച്ചദിനമായിരുന്നു ഇന്ന്. ആദ്യ അടി സംഘാടകരുടെ വക. പിന്നാലെ മെക്സിക്കോയുടെയും. മത്സരത്തിന് മുൻപ് ഉറൂഗ്വേയുടെ ദേശീയഗാനത്തിന് പകരം സ്റ്റേഡിയത്തിൽ മുഴങ്ങിയത് ചിലിയുടെ ദേശീയ ഗാനമായിരുന്നു. ഇതോടെ കളിക്കാർ അങ്കലാപ്പിലായി.

പിന്നാലെ അൽവാരോ പെരേരയുടെ സെൽഫ് ഗോൾ ഉറൂഗ്വേയെ രണ്ടാമത്തെ അടിയായി. പരുക്കേറ്റ ലൂയി സുവാരസ് ഇല്ലാതെയിറങ്ങിയ ഉറൂഗ്വേ എഡിസൻ കവാനിയെയാണ് ആക്രമണത്തിന് നിയോഗിച്ചത്. കവാനിക്ക് ഉന്നം പിഴച്ചതോടെ ഉറൂഗ്വേയുടെ മുനയൊടിഞ്ഞു. ഇതിനിടെ മത്യാസ് വെസീനോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് അടുത്ത പ്രഹരമായി.

രണ്ടാം പാതിയിൽ മെക്സിക്കോയുടെ ആന്ദ്രേസ് ഗ്വാർഡാഡോയും മാർച്ചിംഗ് ഓർഡർ വാങ്ങിയതോടെ ഇരുനിരയിലും പത്തു പേർവീതമായി. തൊട്ടുപിന്നാലെ ഡീഗോ ഗോഡിനിലൂടെ ഉറൂഗ്വേ ഒപ്പമെത്തി. എന്നാല്‍ അവസാന അ‍ഞ്ച് മിനിറ്റിൽ കളിമാറിമറിഞ്ഞു. റാഫേൽ മാർക്വേസിന്റെ ഉഗ്രൻഷോട്ട് ഉറൂഗ്വേയുടെ നെഞ്ച് പിളർത്തി. ഹെക്ടർ ഹെരേര ജയം ആഘോഷമാക്കി.

ജമൈയ്ക്കക്കെതിരെ ജോസഫ് മാർട്ടിനസിന്റെ ഗോളിനായിരുന്നു വെനസ്വേലയുടെ ജയം. നാളെ രാവിലെ നാലരയ്ക്ക് പനാമ ബൊളീവിയയെയും ഏഴരയ്ക്ക് അർജന്റീന നിലവിലെ ജേതാക്കളായ ചിലിയെയും നേരിടും.