ക്രുനാൽ പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ക്കുവേണ്ടി വാശിയേറിയ ലേലംവിളിയായിരുന്നു ഐപിഎൽ താരലേലത്തിൽ നടന്നത്. ക്രുനാലിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്‌സും മൽസരിച്ച് ലേലംവിളിച്ചു. വെറും 40 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന ക്രുനാലിനുവേണ്ടി 8.8 കോടി വരെ ഇരു ഫ്രാഞ്ചൈസികളും ചേര്‍ന്ന് വിളിച്ചു. എന്നാൽ ആദ്യമൊന്നും ചിത്രത്തിൽ ഇല്ലാതിരുന്ന മുംബൈ ഒടുവിൽ തുറുപ്പ് ചീട്ട് പുറത്തെടുത്തതോടെ ക്രുനാൽ ഈ സീസണിലും രോഹിതിനും കൂട്ടര്‍ക്കുമൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാകുകയായിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് പുറത്തെടുത്താണ് ക്രുനാലിനെ മുംബൈ ഉറപ്പിച്ചത്. ഇന്ത്യൻ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനാണ് അഹമ്മദാബാദ് സ്വദേശിയായ ക്രുനാൽ പാണ്ഡ്യ. കഴിഞ്ഞ സീസണുകളിൽ മുംബൈയ്‌ക്കുവേണ്ടിയാണ് ക്രുനാൽ പാണ്ഡ്യ കളിച്ചത്.