ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെ അപൂര്‍വ റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്. ഒമ്പത് രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന താരങ്ങളിലൊരാളെന്ന റെക്കോര്‍ഡ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനില്‍ മാത്രമാണ് കോലിക്ക് സെഞ്ചുറിയില്ലാത്തത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഒരു സെഞ്ചുറി നേടുക എന്നത് കോലിക്ക് എളുപ്പമാവില്ലെന്നാണ് പാക് കോച്ച് മിക്കി ആര്‍തര്‍ പറയുന്നത്.
കോലി മികച്ച റെക്കോര്‍ഡുള്ള കളിക്കാരനാണ്. പക്ഷെ പാക്കിസ്ഥാനില്‍ ഒരു സെഞ്ചുറി അദ്ദേഹത്തിന് എളുപ്പമാവില്ല. കാരണം തങ്ങളുടെ ബൗളിംഗ് കരുത്താണെന്നും മിക്കി ആര്‍തര്‍ പറഞ്ഞു. പാക് ബൗളര്‍മാര്‍ക്കെതിരെ സ്കോര്‍ ചെയ്യാന്‍ കോലി ബുദ്ധിമുട്ടുമെന്നും ആര്‍തര്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരമ്പര കളിച്ചിട്ട് വര്‍ഷങ്ങളായി. ലോകകപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ ഇതുവരെ മത്സരമൊന്നും കളിച്ചിക്കാത്തതിനാലും സമീപകാലത്ത് ഇന്ത്യാ-പാക് പരമ്പര നടക്കുമെന്ന് ഉറപ്പില്ലാത്തതിനാലും ആര്‍തറുടെ വെല്ലുവിളി ഏറ്റെടുക്കുക എന്നത് കോലിയെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.
