മെല്‍ബണ്‍: ആഷസ് പരമ്പരക്കായി ഓസ്ട്രേലിയയിലെത്തുന്ന ഇംഗ്ലണ്ട് ടീമിന് ശക്തമായ മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പരിക്ക് മൂലം നാലു മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റാര്‍ക്ക് ഷെഫീല്‍ഡ് ഷീല്‍ഡില്‍ സൗത്ത് വെയില്‍സിനായി ഒരു മത്സരത്തില്‍ രണ്ട് ഹാട്രിക്ക് നേടി ചരിത്രം കുറിച്ചു. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു സ്റ്റാര്‍ക്കിന്റെ തീ പാറുന്ന ബൗളിംഗ്.
വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ വാലറ്റക്കാരായ ജേസണ്‍ ബെഹന്‍ഡ്രോഫ്, ഡേവിഡ് മൂഡി, സൈമണ്‍ മാക്കിന്‍ എന്നിവരെ വീഴ്ത്തിയാണ് സ്റ്റാര്‍ക്ക് ആദ്യ ഹാട്രിക്ക് തികച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഹാട്രിക്ക് അടക്കം നാലു വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്‌ത്തിയത്.
രണ്ടാം ഇന്നിംഗ്സില്‍ തന്റെ പതിനഞ്ചാം ഓവറിലെ അവസാന രണ്ടു പന്തില്‍ ബെഹന്‍ഡ്രോഫ്, ഡേവിഡ് മൂഡി എന്നിവരെ വീഴ്‌ത്തിയ സ്റ്റാര്‍ക്ക് പതിനാറാം ഓവറിലെ ആദ്യ പന്തില്‍ ജൊനാഥന്‍ വെല്‍സിനെയും പുറത്താക്കി രണ്ടാം ഹാട്രിക്കും പൂര്‍ത്തിയാക്കി. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ രണ്ട് ഹാട്രിക്ക് നേടുന്ന എട്ടാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. ആല്‍ഫ്രഡ് ഷാ, ആല്‍ബര്‍ട്ട് ട്രോട്ട്, ജിമ്മി മാത്യൂസ്, ചാര്‍ലി പാര്‍ക്കര്‍, റോളണ്ട് ജെന്‍കിന്‍സ്, ജോഗീന്ദര്‍ റാവു, അമിന്‍ ലഖാനി, എന്നിവരാണ് ഈ നേട്ടത്തില്‍ സ്റ്റാര്‍ക്കിന്റെ മുന്‍ഗാമികള്‍.
