ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ബാറ്റിംഗിനിറങ്ങുന്നതിന് തൊട്ടുമുമ്പ് പാഡും കെട്ടി പുസ്തകം വായിച്ചിരിക്കുന്ന ഇന്ത്യന്‍ നായിക മിതാലി രാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിതാലിയെ എല്ലാവരും വനിതാ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളെന്നും ധോണിയെന്നുമെല്ലാം വിശേഷിപ്പിച്ചു. എന്നാല്‍ ബാറ്റിംഗിന് തൊട്ടുമുമ്പ് മിതാലി ഏത് പുസ്തകമായിരിക്കും വായിച്ചിരിക്കുക എന്ന ആകാംക്ഷ ആരാധകരില്‍ അപ്പോഴും ബാക്കി നിന്നു.
ഒടുവില്‍ മിതാലി തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു. വിഖ്യാത പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു റൂമിയുടെ എസന്‍ഷ്യല്‍സ് (Essential Rumi) എന്ന പുസ്തകമാണഅ താന്‍ വായിച്ചിരുന്നതെന്ന് മത്സരശേഷം മിതാലി വ്യക്തമാക്കി. കിന്‍ഡില്‍ അനുവദനീയമല്ലാത്തതിനാല്‍ ഫീല്‍ഡിംഗ് കോച്ചില്‍ നിന്ന് വായിക്കാനായി വാങ്ങിയതാണ് ആ പുസ്തകമെന്നും മിതാലി പറഞ്ഞു.
സാധാരണയായി കിന്‍ഡിലിലാണ് പുസ്തകവായന. ഇന്നലെ ബാറ്റിംഗിനിറങ്ങുന്നതിനും ഏറെ മുമ്പെ ഞാന്‍ പുസ്തകവായന തുടങ്ങിയിരുന്നു. കിന്‍ഡിലോ പുസ്തകങ്ങളോ എന്നോടൊപ്പം എപ്പോഴമുണ്ടാകും. കാരണം വായന എന്റെ മനസ് ശാന്തമാക്കും. മാത്രമല്ല ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പുള്ള പരിഭ്രമമൊഴിവാക്കാനും ഇത് തന്നെ സഹായിക്കുന്നുണ്ടെന്നും മിതാലി പറഞ്ഞു.
