കത്ത് ചോര്‍ന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി സിഇഒ രോഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനും കത്തയച്ചു....

മുംബൈ: വനിതാ ക്രിക്കറ്റ് താരം മിതാലിരാജ് പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജിക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് അയച്ച കത്ത് ചോര്‍ന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി. ബിസിസിഐ സിഇഒ രോഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും വിശദീകരണം ആവശ്യപ്പെട്ട് ചൗധരി കത്തയച്ചു. 

ഫോമിലായിരുന്നിട്ടും ടി20 വനിതാ ലോകകപ്പ് സെമിയില്‍ മിതാലിയെ കളിപ്പിക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു. മിതാലി കളിക്കാതിരുന്ന സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പൊട്ടിത്തെറിച്ച് പരിശീലകനും സിഒഎ അംഗത്തിനുമെതിരെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇതിഹാസ താരം ബിസിസിഐക്ക് കത്തയച്ചത്. 

രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായി മിതാലി കത്തില്‍ ആരോപിച്ചിരുന്നു. 'അടുത്തെങ്ങാനും ഞാനുണ്ടെങ്കില്‍ അദേഹം വേഗം അവിടെനിന്ന് മാറിനില്‍ക്കും. മറ്റുള്ളവര്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കും. ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാന്‍ അടുത്തുചെന്നാല്‍ ഫോണില്‍ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്നതാണ്'.

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്‍കിയതൊന്നും വില കല്‍പിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ഡയാന എദുല്‍ജിക്കെതിരായി മിതാലി പറഞ്ഞു. 'ബിസിസിഐയില്‍ അവര്‍ക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണ്. 20 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ ഞാന്‍ ഈ വിധത്തില്‍ തകര്‍ന്നുപോകുന്നത് ഇതാദ്യമാണെന്നും' ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനേയും അഭിസംബോധന ചെയ്തുള്ള കത്തില്‍ മിതാലി രാജ് പറയുന്നു.