മുഹമ്മദ് സലാ ഈ വര്‍ഷത്തെ ഫിഫയുടെ മികച്ച താരമാകുമെന്ന് ഈജിപ്ഷ്യന്‍ പരിശീലകന്‍ ഹാനി റംസി. കഴിഞ്ഞ സീസണില്‍ 44 ഗോളുകള്‍ വലയിലെത്തിക്കാന്‍ സലായ്ക്ക് കഴിഞ്ഞിരുന്നു.

കെയ്‌റോ: യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും റയല്‍ മാഡ്രിഡിന്‍റെ ക്രൊയേഷ്യന്‍ മിഡ് ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെയും മറികടന്ന് ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ഫിഫയുടെ മികച്ച താരമാകുമെന്ന് ഹാനി റംസി. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതും 28 വര്‍ഷത്തിനിടെ ആദ്യമായി ഈജിപ്‌തിന് ലോകകപ്പ് യോഗ്യത നേടിനല്‍കിയതുമാണ് സലായെ മിന്നിട്ടുനിര്‍ത്തുന്നതെന്ന് ഈജിപ്ഷ്യന്‍ പരിശീലകനായ റംസി പറയുന്നു. 

കഴിഞ്ഞ സീസണില്‍ 44 ഗോളുകള്‍ വലയിലെത്തിക്കാന്‍ സലായ്ക്ക് കഴിഞ്ഞിരുന്നു. ഈജിപ്തിന്‍റെയും അറബ് ലോകത്തിന്‍റെയും ഐക്കണാണ് ഇപ്പോള്‍ സലാ. അറബ് ജനതയുടെ ശരിയായ അംബാസിഡറാണ് സലായെന്നും പറയാം. വലിയ ലക്ഷ്യങ്ങളുള്ള യുവതാരം ഗോളുകള്‍ അടിച്ചുകൂട്ടി ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയാണ്. ഈജിപ്‌തില്‍ നിന്നൊരാള്‍ ലോകത്തെ മികച്ച മൂന്ന് താരങ്ങളിലൊരാളാകുമെന്നും പ്രീമിയര്‍ ലീഗിലെ സുവര്‍ണ പാദുകം സ്വന്തമാക്കുമെന്നും ഒരിക്കലും ഒരു ഈജിപ്തുകാരനും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും റംഷി പറഞ്ഞു. 

ഈ സീസണിന്‍റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസിലേക്ക് ചേക്കേറിയ റോണോ ഹാട്രിക് കിരീടമാണ് നോട്ടമിടുന്നത്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്കാരവും നേടിയാണ് മോഡ്രിച്ച് ഫിഫയുടെ മികച്ച താരമാകാന്‍ മത്സരിക്കുന്നത്.