മുംബൈ: അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിലവിലെ പരിശീലകനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജ്പുതിന്‍റെ കാലാവധി ഒരു മാസത്തിനകം അവസാനിക്കും. രജ്പുതിന്‍റെ പകരക്കാരനായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈഫിനെ പരിഗണിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ച താരം നിലവില്‍ ചത്തീസ്ഗഡ് ക്രിക്കറ്റ് ടീമിന്‍റെ നായകനും ഉപദേഷ്ടാവുമാണ്. 36 കാരനായ കൈഫ് അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഷുക്‌റുള്ള ആതിഫ് മാഷല്‍, സിഇഒ ഷഫീഖുള്ള സ്റ്റനിക്‌സായ് എന്നിവരുമായി ചര്‍ച്ച നടത്തിയേക്കും. അതേസമയം, പരിശീലകനാകാനായി കൈഫ് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ട്. 

2002ല്‍ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവരാജിനൊപ്പം കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് കൈഫിനെ ശ്രദ്ധേയമാക്കിയത്. മല്‍സരത്തില്‍ 87 റണ്‍സെടുത്ത കൈഫിന്‍റെ മികവില്‍ ഗാംഗുലിയുടെ കുട്ടികള്‍ ലോഡ്‌സില്‍ കപ്പുയര്‍ത്തി. 2002ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ അണ്ടര്‍19 ലോകകപ്പ് ഉയര്‍ത്തിയത് കൈഫിന്‍റെ നായകത്വത്തിന്‍റെ കീഴിലായിരുന്നു. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ് കൈഫ്.