തനിക്കെതിരായ സോഷ്യല്‍മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഹിജാബ് ധരിക്കാതെ ഷമിയുടെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കാണ് ഷമി മറുപടി നല്‍കിയത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നും ഷമിയുടെ ട്വീറ്റ്. എത്ര നന്നായാണ് പരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജിഹാനുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത്. മനോഹരമായ നിമിഷങ്ങള്‍ എന്നായിരുന്നു ഫേസ്ബുക്കില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടയ്ക്ക് ഷമി നല്‍കിയ തലക്കെട്ട്. എന്നാല്‍ തുടര്‍ന്നുളള നിമിഷങ്ങള്‍ അത്ര മനോഹരമായിരുന്നില്ല ഷമിക്ക്. ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും കയ്യില്ലാത്ത വസ്ത്രം ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതായിരുന്നെന്നും ഒരു വിഭാഗമാളുകള്‍ വാളോങ്ങി.

ആയിരത്തിലേറെ കമന്റുകളായിരുന്നു ഷമിക്കെതിരെ വന്നത്. ഇതോടെയാണ് താരം മറുപടിയുമായി വന്നത്. ഷമിക്കു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തി. 'ഷമിയെ പൂര്‍ണ്ണമായി പിന്തുണക്കുന്നു. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. അല്‍പ്പം വിവേകം കാണിക്കു' എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.