ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കായി ഇറങ്ങിയതോടെ എംഎസ് ധോണി സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.
294 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറെയാണ് ഇന്ന് മറികടന്നത്. 287 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായിട്ടുള്ള ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡ് ധോണി നേരത്തെ മറികടന്നിരുന്നു.
ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ള താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ പേരിലാണ്. 404 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സംഗ 360 എണ്ണത്തിലും വിക്കറ്റ് കീപ്പറായിരുന്നു. 211 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായിട്ടുള്ള പാക്കിസ്ഥാന്റെ മോയിന്‍ ഖാനാണ് പട്ടികയിലെ അഞ്ചാമത്തെ താരം.
എന്നാല്‍ ആകെ മത്സരങ്ങളുടെ കാര്യമെടുത്താല്‍ മാര്‍ക് ബൗച്ചറാണ് പട്ടികയില്‍ ഒന്നാമത്. കരിയറില്‍ ട്വന്റി-20, ഏകദിനം. ടെസ്റ്റ് എന്നിവയിലായി 467 മത്സരങ്ങള്‍ കളിച്ച ബൗച്ചര്‍ 466 എണ്ണത്തിലും വിക്കറ്റ് കീപ്പറായിരുന്നു. സംഗക്കാര മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച 594 മത്സരങ്ങളില്‍ 464 മത്സരത്തിലാണ് കീപ്പറായിരുന്നത്. ധോണിയാകട്ടെ കരിയറില്‍ ആകെ കളിച്ച 461 മത്സരങ്ങളില്‍ 461ലും വിക്കറ്റ് കീപ്പറായിരുന്നു.
