ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ വിജയത്തിന്റെ പടിവാതിലില്‍ നിന്ന് തോല്‍വിയിലേക്ക് വഴുതിവീണ ഇന്ത്യയുടെ പ്രകടനം മുന്‍ നായകന്‍ എംഎസ് ധോണിയെ മാനസികമായി തകര്‍ത്തോ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പറയുന്നത് ഇന്ത്യയുടെ തോല്‍വിയില്‍ ഏറ്റവും നിരാശനായത് ധോണിയാണെന്നാണ്.

മത്സരശേഷം സഹതാരങ്ങള്‍ക്കും എതിര്‍ ടീം അംഗങ്ങള്‍ക്കും ഹസ്തദാനം നടത്താനായി ക്യാപ്റ്റന്‍ വിരാട് കോലിയും സഹതാരങ്ങളും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പോവുമ്പോള്‍ സ്വന്തം കസേരയില്‍ ദു:ഖത്തോടെയിരിക്കുകയായിരുന്നു ധോണി. മത്സരശേഷം ഇന്ത്യ തോറ്റതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതും ധോണിയാണ്.

114 പന്തില്‍ 54 റണ്‍സ് മാത്രമെടുത്ത ധോണിയുടെ മെല്ലെപ്പോക്കാണ് കളി കളഞ്ഞുകുളിച്ചതെന്നാണ് ആരോപണം. വിജയത്തിന് 13 റണ്‍സകലെ ധോണി പുറത്താവുകയും ചെയ്തു. ലോകക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷര്‍ സ്ഥാനം ധോണിക്ക് അവകാശപ്പെടാനാവില്ലെന്നും ഒരുവിഭാഗം ആരാധകര്‍ കരുതുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.4 ഓവറില്‍ 178ന് ഓള്‍ ഔട്ടാവുകയായിരുന്നു.