ദില്ലി: മഹേന്ദ്ര സിംഗ് ധോണി 2020ലെ ട്വന്‍റി20 ലോകകപ്പ് കളിക്കുമെന്ന് അടുത്തിടെ വിരമിച്ച പേസര്‍ ആശിഷ് നെഹ്‌റ. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ പരിചയസമ്പന്നനായ മുന്‍ നായകനെ പുറത്താക്കരുതെന്ന് നെഹ്‌റ ആവശ്യപ്പെട്ടു. കളി നിര്‍ത്തണമോ തുടരണമോ എന്നത് തീരുമാനിക്കാന്‍ 36കാരനായ ധോണിക്കറിയാമെന്നും ആശിഷ് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
തനിക്ക് 39-ാം വയസില്‍ പന്തെറിയാന്‍ സാധിക്കുമെങ്കില്‍ ധോണിക്ക് അനായാസം ലോകകപ്പ് കളിക്കാനാകും. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്. വിക്കറ്റിന് പിന്നിലും കളിക്കളത്തിലും ധോണിയുടെ തന്ത്രങ്ങള്‍ നിര്‍ണ്ണായകമാണ്. ശാരീരികക്ഷമതയും മികച്ച ഫോമും ഉണ്ടെങ്കില്‍ പ്രായം കളിക്കാരന് തടസമല്ലെന്നും നെഹ്‌റ പറഞ്ഞു.
മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാക്കറും ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ധോണി യുവതാരങ്ങള്‍ക്ക് മാറിക്കൊടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. അതേസമയം ധോണിക്ക് പിന്തുണയുമായി നായകന്‍ വിരാട് കോലിയും സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.
