കൊല്‍ക്കത്ത: ഇന്ത്യക്കായി മുന്നൂറാം ഏകദിനത്തിനറങ്ങിയ മുന്‍ നായകന്‍ എംഎസ് ധോണിക്ക് ബാറ്റുകൊണ്ട് അത് മറക്കാനാവാത്ത മത്സരമാക്കാനായില്ല. അഞ്ചു റണ്‍സ് മാത്രമെടുത്ത് ധോണി പുറത്തായെങ്കിലും വിക്കറ്റിന് പിന്നില്‍ നിറഞ്ഞുനിന്ന ധോണി മത്സരം അവിസ്മരണീയമാക്കി. കുല്‍ദീപ് യാദവിന് രണ്ടുതവണ സിക്സറിന് പറത്തി ഗ്ലെന്‍ മാക്സ്‌വെല്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിടാന്‍ തുടങ്ങിയപ്പോഴായിരുന്നു ധോണി മാജിക് കണ്ടത്.
മാക്സ്‌വെല്ലിനെ മെരുക്കാന്‍ കുല്‍ദീപിനെ കോലി പിന്‍വലിച്ചു. പകരം തന്റെ വിശ്വസ്തനായ യുസ്‌വേന്ദ്ര ചാഹലിനെ തന്നെ പന്തേല്‍പ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ തന്നെ പുറത്താക്കിയ ചാഹലിനെ കരുതലോടെ കളിച്ച മാക്സ്‌വെല്ലിന് ഒരു നിമിഷം പിഴച്ചു. തുടര്‍ച്ചയായ ഡോട്ട് ബൗളുകള്‍ നല്‍കിയ അധിക സമ്മര്‍ദ്ദത്തില്‍ മുന്നോട്ടാഞ്ഞു കളിക്കാനിറങ്ങിയ മാക്സ്‌വെല്ലിനെ കബളിപ്പിച്ച് പന്ത് കാലുകള്‍ക്കിടയിലൂടെ ധോണിയുടെ കൈകളിലെത്തി.
#AUSvIND#Dhoni You beauty. stumped Glenn Maxwell #Dhoni300pic.twitter.com/ujYzdjhn3p
— Bharat Sharma (@DekhoIsko) September 21, 2017
ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തിനെ കൈപ്പിടിയിലൊതുക്കിയ ധോണി മാക്സ്‌വെല്‍ തിരയാന്‍ തുടങ്ങും മുമ്പെ പറന്നുവീണ് സ്റ്റംപിളക്കി. കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക് ബോളില്‍ കമിന്‍സിനെ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതും ധോണിയായിരുന്നു.
