ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണിയെ മാറ്റണമെന്ന ആവശ്യങ്ങളോട് മുഖംതിരിച്ച് എംഎസ്കെ പ്രസാദ്. 2019 ലോകകപ്പ് വരെ ധോണിക്ക് ആശ്വാസിക്കാനുള്ള വാക്കുകളാണ് പ്രസാദ് പറയുന്നത്.
മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണിയെ പിന്തുണച്ച് വീണ്ടും മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. പരിക്കേറ്റില്ലെങ്കിൽ അടുത്ത ലോകകപ്പിലും ധോണി തന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകുമെന്ന് പ്രസാദ് സൂചിപ്പിച്ചു. പ്രതാപ കാലത്തിന്‍റെ നിഴല്‍ മാത്രമായ എം എസ് ധോണിയെ നീക്കാന്‍ സമയമായെന്ന മുറവിളി ഉയരുന്നതിനിടെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ പ്രതികരണം.
2011ല്‍ ഇന്ത്യയെ ലോകചാംപ്യന്മാരാക്കിയ നായകന്‍റെ സാന്നിധ്യം തുടര്‍ന്നും അനിവാര്യം. റിഷഭ് പന്തിനെ ടീമിലെടുത്തത് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിന്‍റെ ഭാഗം മാത്രമാണെന്ന് എംഎസ്കെ പ്രസാദ് പറയുന്നു. സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തുന്ന കരുൺ നായര്‍ അടക്കമുള്ള കളിക്കാരെ ടീം മാനേജ്മെന്‍റ് അവഗണിക്കുന്നതായുള്ള ആക്ഷേപവും പ്രസാദ് തളളി.
ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യസെലക്ടര്‍ അവകാശപ്പെട്ടു. ഭുവനേശ്വറിനും ബുംറയ്ക്കും പുറമേയുള്ള രണ്ട് പേസര്‍മാരെ തീരുമാനിക്കാന്‍ ലോകകപ്പിന് മുന്‍പുള്ള 13 ഏകദിനങ്ങള്‍ മതിയാകുമെന്നും പ്രസാദ് പറഞ്ഞു.
