പനാജി: മുന്നിലെത്തിയ ശേഷം കൊച്ചി ഫൈവ്‌സ് തോല്‍വി വഴങ്ങി. മുംബൈ ഫൈവ്‌സിന് പ്രഥമ ഫുട്സാല്‍ കിരീടം. കൊച്ചി ഫൈവ്‌സിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റയാന്‍ ഗിഗ്‌സിന്റെ മുംബൈ ഫൈവ്സ് കിരീടം നേടിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ മോറിയസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് കൊച്ചി തോല്‍വിയിലേക്ക് വഴുതിയത്. കളി തീരാന്‍ ഒരു മിനിട്ടു മാത്രം ശേഷിക്കെ ആഞ്ചെലോട്ടിന്റെ ഗോളിലൂടെ സമനില പിടിച്ച മുംബൈ, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവും കിരീടവും കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ആകെയുള്ള ആറു പെനാല്‍റ്റികളില്‍ മുംബൈ ഫൈവ്‌സ് മൂന്നെണ്ണം ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ കൊച്ചിക്ക് രണ്ടു തവണ മാത്രമെ ഗോളാക്കാനായുള്ളു. കിരീടം നേടിയെങ്കിലും സൂപ്പര്‍ താരം ഗിഗ്‌സും സാല്‍ഗാഡോയും ഫോഗ്ലിയയുമൊക്കെ പെനാല്‍റ്റി നഷ്‌ടമാക്കിയിരുന്നു. കൊച്ചിയുടെ അവസാന കിക്ക് എടുക്കാനെത്തിയ ഗോള്‍ കീപ്പര്‍ കാസലോണയ്‌ക്ക് പിഴച്ചതോടെയാണ് മുംബൈ കിരീടത്തിലേക്കുള്ള ആഘോഷം തുടങ്ങിയത്.