ഈ ജയത്തോടെ 11 കളികളില്‍ 12 പോയിന്റായി മുംബൈ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒപ്പം പ്ലേ ഓഫ് സാധ്യതയും നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം മുംബൈയ്ക്കെതിരെ തോറ്റതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതയ്‌ക്ക് മങ്ങലേറ്റു. 10 കളികളില്‍ എട്ടു പോയിന്റുള്ള ആര്‍സിബി ആറാം സ്ഥാനത്താണ്.

സ്‌കോര്‍- ആര്‍സിബി 20 ഓവറില്‍ നാലിന് 151 & മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ നാലിന് 153

പുറത്താകാതെ 35 റണ്‍സെടുത്ത പൊള്ളാര്‍ഡും 29 റണ്‍സെടുത്ത ജോസ്‌ ബട്ട്‌ലറും ചേര്‍ന്ന സഖ്യമാണ് മുംബൈയ്‌ക്ക് അനായസ ജയമൊരുക്കിയത്. 11 പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പടെയാണ് ബട്ട്‌ലര്‍ 29 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് വേര്‍പിരിയാത്ത അ‌ഞ്ചാം വിക്കറ്റില്‍ 21 പന്തില്‍ 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ അമ്പാട്ടി റായിഡു 44 റണ്‍സെടുത്ത് പുറത്തായിരുന്നു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ആര്‍സിബിക്കുവേണ്ടി പുറത്താകാതെ 68 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ്‌ സ്‌കോററായത്. 13 പന്തില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറികളും പറത്തി പുറത്താകാതെ 25 റണ്‍സെടുത്ത കേരള താരം സച്ചിന്‍ ബേബിയുടെ ഇന്നിംഗ്സും ശ്രദ്ധേയമായി. വിരാട് കൊഹ്‌ലി(7), ക്രിസ് ഗെയ്ല്‍(5), എബി ഡിവില്ലിയേഴ്‌സ്(24), ഷെയ്ന്‍ വാട്ട്സണ്‍(15) എന്നീ വമ്പന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.