നാഗ്‌പുർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ മുരളി വിജയ്(128), ചേതേശ്വർ പൂജാര(121) എന്നിവരുടെ സെ‌‌ഞ്ച്വറിയുടെ മികവിൽ രണ്ടാംദിനം കളിനിർത്തുമ്പോൾ ഇന്ത്യ രണ്ടിന് 312 എന്ന നിലയിലാണ്. പൂജാരയ്ക്കൊപ്പം 54 റണ്‍സെടുത്ത നായകൻ വിരാട് കോലിയാണ് ക്രീസിൽ. ശ്രീലങ്കയെ ആദ്യ ഇന്നിംഗ്സിൽ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്‌ക്ക് ഇപ്പോൾ 107 റണ്‍സിന്റെ ലീഡുണ്ട്.

ഒന്നിന് 11 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടർന്നത്. രണ്ടാം വിക്കറ്റിൽ പൂജാര-മുരളി വിജയ് സഖ്യം 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലങ്കൻ ബൗള‍ർമാർക്ക് മേൽ സമ്പൂർണ ആധിപത്യമാണ് ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ പുലർത്തിയത്. മൽസരത്തിന്റെ ഒരുഘട്ടത്തിൽപ്പോലും ഇന്ത്യയ്‌ക്ക് ഭീഷണി ഉയർത്താൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഹെറാത്തിന്റെ പന്തിൽ പുറത്താകുമ്പോൾ മുരളി വിജയ് 221 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പടെയാണ് 128 റണ്‍സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ പത്താം സെ‌ഞ്ച്വറിയാണ് മുരളി വിജയ് സ്വന്തമാക്കിയത്.

മുരളിക്ക് പകരക്കാരനായി എത്തിയ ഇന്ത്യ നായകൻ വിരാട് കോലി, പൂജാരയ്ക്കൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. ഇതിനിടയിൽ ടെസ്റ്റിലെ പതിന്നാലാം സെഞ്ച്വറി തികച്ച പൂജാര 284 പന്തിൽനിന്നാണ് 121 റണ്‍സ് നേടിയത്. ഇതിൽ 13 ബൗണ്ടറികളും ഉൾപ്പെടുന്നു. വേഗതയിൽ റണ്‍സ് കണ്ടെത്തിയ കോലി 70 പന്തിൽനിന്ന് ആറു ബൗണ്ടറികൾ ഉൾപ്പടെയാണ് 54 റണ്‍സെടുത്തത്. കോലി-പൂജാര സഖ്യം മൂന്നാം വിക്കറ്റിൽ വേർപിരിയാതെ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലങ്കയ്‌ക്ക് വേണ്ടി ഗാമേജ്, ഹെറാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മൂന്നാം ദിനം അതിവേഗം ലീഡ് ഉയർത്തിയശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുക. കൊല്‍ക്കത്തയിൽ ഏറിയപങ്കും മഴ അപഹരിച്ച ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.