ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുശേഷം ടീമില്‍ നിന്നൊഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് ഓപ്പണര്‍ മുരളി വിജയ്. ഒഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതുവരെ ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് വ്യക്തമാക്കി.

ചെന്നൈ: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുശേഷം ടീമില്‍ നിന്നൊഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് ഓപ്പണര്‍ മുരളി വിജയ്. ഒഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതുവരെ ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ 26 റണ്‍സ് മാത്രമെടുത്ത വിജയ്‌യെ മൂന്നാം ടെസ്റ്റില്‍ കളിപ്പിച്ചിരുന്നില്ല. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒഴിവാക്കിയതിനെക്കുറിച്ച് ചീഫ് സെലക്ടറോ ഉത്തരവാദിത്തപ്പെട്ട മാറ്റാരെങ്കിലുമോ എന്നോട് സംസാരിച്ചിട്ടില്ല. ടീം മാനേജ്മെന്റിലെ ചിലരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷെ മറ്റാരും ഇതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല.

ടീം സെലക്ഷന്‍ സംബന്ധിച്ച് ഓരോ താരങ്ങള്‍ക്കും വ്യത്യസ്ത അളവുകോലുകളാണെന്ന ഹര്‍ഭജന്‍ സിംഗിന്റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും വിജയ് പറഞ്ഞു. ടീമില്‍ നിന്ന് പുറത്താക്കുമ്പോള്‍ എന്തുകൊണ്ട് അയാളെ പുറത്താക്കുന്നുവെന്ന് വിശദീകരിക്കേണ്ട ബാധ്യത ടീം മാനേജ്മെന്റിനും സെലക്ടര്‍മാര്‍ക്കുമുണ്ട്. സെലക്ടര്‍മാര്‍ക്കും ടീം മീനേജ്മെന്റിനും മുമ്പില്‍ ആ കളിക്കാരന്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇതുപകരിക്കും. എന്നാല്‍ ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വിജയ് പറഞ്ഞു.