പരുക്കില്‍ നിന്ന് മോചിതനായ റാഫേല്‍ നദാലിന്റെ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. രണ്ട് ഗ്രാന്‍സ്ലാം കിരീടമാണ് നദാല്‍ ഇക്കൊല്ലം നേടിയത്.

ഗ്രാന്‍സ്ലാം കോര്‍ട്ടില്‍ റാഫേല്‍ നദാലിന് പതിനാറാം പൊന്‍തിളക്കം. വിജയത്തേക്കാള്‍ ഉപരി ഇതൊരു മറുപടിയാണ്, തന്റെ കാലം കഴിഞ്ഞുവെന്ന് മുറവിളിയിട്ടവര്‍ക്ക്. മുപ്പത്തിരണ്ടുകാരനായ കെവിന്‍ ആന്‍ഡേഴ്‌സന്‍ നദാലിനൊത്ത എതിരാളിയേ ആയിരുന്നില്ല. 1973ല്‍ കംപ്യൂട്ടര്‍ റാങ്കിംഗ് തുടങ്ങിയ ശേഷം ഫൈനല്‍ കളിക്കുന്ന ഏറ്റവും റാങ്ക് കുറഞ്ഞ താരം. കളിയിലും ഇത് പ്രകടമായി, അനായാസം കിരീടത്തിലേക്ക് നദാല്‍ എത്തുകയായിരുന്നു.

ഫ്രഞ്ച് ഓപ്പണിന് പിന്നാലെ യു എസ് ഓപ്പണിലും നദാലിന്റെ ചിരി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ എത്താനും മുപ്പത്തിയൊന്നുകാരനായ നദാലിന് കഴിഞ്ഞു. ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ സാക്ഷാല്‍ റോജര്‍ ഫെഡറര്‍ മാത്രമേ നദാലിന് മുന്നിലുള്ളൂ. 19 കിരീടവുമായി ഫെഡറര്‍ തലപ്പത്ത്. പതിനാറാം കിരീടവുമായി നദാല്‍ തൊട്ടുപിന്നില്‍. 14 കിരീടമുള്ള പീറ്റ് സാംപ്രാസാണ് മൂന്നാം സ്ഥാനത്ത്.