സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ ത്വരതാന്വേഷണത്തിന് ഉത്തരവ്. വോളി അസോസിയേഷനിൽ ഒന്നരക്കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
2009- 2016 കാലയളവിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്തും ബഷീറും ട്രഷറര്‍ ബിജുരാജും ഒന്നരക്കോടി രൂപയുടെ സാന്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി. അസോസിയേഷന്‍റെ ദൈനദിന പ്രവര്‍ത്തനങ്ങൾക്കുള്ള തുക, സ്പോണര്‍ഷിപ്പ്, താരങ്ങൾക്കുള്ള ബത്ത എന്നിവയിൽ തിരിമറി നടന്നുവെന്നാണ് ആരോപണം. ദേശീയ ഗെയിംസിനായി കൊണ്ടുവന്ന കായിക ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയതായും അസോസിയേഷൻ പ്രസിഡന്‍റ് ചാര്‍ലി ജേക്കബ് അഴിമതിക്ക് കൂട്ടുനിന്നുവെന്നും പരാതിയിയിലുണ്ട്. ഇതേത്തുടർന്നാണ് വിജിലൻസ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് മലപ്പുറം യൂണിറ്റിനാണ് അന്വേഷണച്ചുമതല. നേരത്തെ ദേശീയ സബ്ജൂനിയര്‍ വോളി ടൂര്‍ണമെന്‍റ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റൊരു വിജിലൻസ് അന്വേഷണവും ബഷീറിനെതിരെ നടക്കുന്നുണ്ട്. മലപ്പുറം യൂണിറ്റ് തന്നെയാണ് ഇതും അന്വേഷിക്കന്നത്. ഇതേസമയം തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവിരോധം കാണമാണെന്ന് നാലകത്ത് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
