തിരുവനന്തപുരം: ദേശീയ ഗെയിംസ് താരങ്ങളായ അനില്‍ഡ തോമസും അനുരാഘവനും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം തികഞ്ഞിട്ടും നിയമനം വൈകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനംവകുപ്പിലാണ് ഇരുവരും ജോലിയില്‍ പ്രവേശിച്ചത്. നീന്തല്‍താരം സജന്‍ പ്രകാശിനും ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിക്കും ഒപ്പമാണ് അനില്‍ഡക്കും അനു രാഘവും നിയമനം നടക്കേണ്ടിയിരുന്നത്.
ഇതില്‍ എലിസബത്ത് സൂസന്‍ കോശിയും സജന്‍ പ്രകാശും പൊലീസില്‍ ജോലിയില്‍ കയറി. എന്നാല്‍ വനം വകുപ്പില്‍ ജോലി പ്രഖ്യാപിച്ച അനില്‍ഡക്കും അനുരാഘവനും നിയമനം അനന്തമായി നീണ്ടു. ഗസറ്റഡ് തസ്തികയിലേക്ക് നിയമിക്കുന്നതില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നിയമനം വൈകിയത്.
ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി. തുടര്‍ന്നാണ് കായിക വകുപ്പിന്റെ അടിയന്തര ഇടപടെല്‍. വനംവകുപ്പില്‍ സീനിയര്‍ സൂപ്രണ്ടുമാരായാണ് ഇരുവര്‍ക്കും നിയമനം. നിയമനം വൈകുന്നതിനിടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുപോലും ജോലിക്കായി ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും ഇവര്‍ അത് സ്വീകരിച്ചിരുന്നില്ല.
